തൊടുപുഴ: യുവതലമുറയെ അനുനിമിഷം ഇല്ലാതാക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ കേരളകൗമുദിയും തൊടുപുഴ പൊലീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ 'ബോധപൗർണമി' നടത്തി. ലഹരിക്കെതിരെയുള്ള പോരാട്ടം സ്കൂൾ തലത്തിൽ തന്നെ ആരംഭിച്ച് പൊതുസമൂഹത്തെ ദൂഷ്യഫലങ്ങൾ മനസിലാക്കിക്കൊടുക്കാനുള്ള പരിശീലനമായി സെമിനാർ മാറി. തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ബാധിച്ചിരിക്കുന്ന മാരക വിപത്തായി മാറിയിരിക്കുകയാണ് ലഹരിയെന്ന് സബീന പറഞ്ഞു. ജീവിതവും കുടുംബവും സുഹൃത്തുക്കളുമായിരിക്കണം നമ്മുടെ ലഹരി. മയക്കുമരുന്നു പോലെയുള്ള വസ്തുക്കളല്ല നമുക്ക് ലഹരിയായി തീരേണ്ടത്. ഇതായിരിക്കണം ജീവിതത്തിലുടനീളം നാം പാലിക്കേണ്ടതെന്നും ചെയർപേഴ്സൺ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ വി.ആർ. ​ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. മഹേഷ്‌കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. പെൺകുട്ടികളെന്നോ ആൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ ഏവരെയും ലഹരി പിടിമുറുക്കിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇവയുടെ മാരകവലയത്തിൽ നിന്ന് കുട്ടികളെ പുറത്തുകൊണ്ടുവരാനും ഒരു പരിധിവരെ ഉപയോഗത്തിൽ നിന്ന് പിൻന്തിരിപ്പിക്കാനും ഇത്തരം ബോധവത്കരണ സെമിനാറുകൾ വഴി സാധിക്കും. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരം നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ലഹരിക്കടിമപ്പെട്ട് പല കുടുംബ ബന്ധങ്ങൾ പോലും ശിഥിലമാകുന്ന അവസ്ഥയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സബ് ഇൻസ്പെക്ടറും തൊടുപുഴ സ്റ്റേഷൻ പി.ആർ.ഒയുമായ ആർ. അനിൽകുമാർ ക്ലാസ് നയിച്ചു. വിവിധ തരം ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വൻകിട നഗരങ്ങൾ കേന്ദ്രീകരിച്ച് വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ലഹരിയെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ പിന്നെ നമ്മെ വിട്ട് അത് അകലില്ല. ലഹരിയിലൂടെ ഒരു വ്യക്തിക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ നല്ല സമയങ്ങളാണ്. ശരീരത്തിലും അതിന്റെ പ്രതിഫലനങ്ങൾ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ അദ്ധ്യാപകൻ ഷാജി ജോസഫ് സ്വാഗതവും കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് നന്ദിയും പറഞ്ഞു.