ഇടുക്കി: വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030ഓടെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിന്റെ സ്ഥാപിത ശേഷി 10,000 മെഗാവാട്ടായി ഉയർത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂർണ്ണ പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. 2027ഓടെ ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്ന് ലഭ്യമാക്കും. ആഭ്യന്തര വൈദ്യുതോദ്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അതിൽ ജലവൈദ്യുത പദ്ധതിക്ക് പ്രധാന പങ്കുവഹിക്കാനാകും. കാറ്റിൽ നിന്നും സൗരോർജത്തിലൂടെയും വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ആഭ്യന്തര ഉത്പാദനത്തെ മാത്രം ആശ്രയിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇത് തരണം ചെയ്യാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ, 910 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതികൾ എല്ലാം പുതുതായി നടപ്പാൻ കഴിഞ്ഞിട്ടുണ്ട്. ഭൂതത്താൻകെട്ട്, മാങ്കുളം, ചിന്നാർ, ഓലിക്കൽ, പൂവാറൻതോട്, ചെങ്കുളം, പഴശിസാഗർ, അപ്പർ ചെങ്കുളം എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി അങ്കണത്തിൽ നടന്ന പരിപാടിയിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. എം.എൽ.എമാരായ എ. രാജ, എം.എം. മണി, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കെ.എസ്.ഇ.ബി ചെയർമാൻ ബിജുപ്രഭാകർ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി,​ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്,​ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ,​ ജനതാദൾ (എസ്)​ ജില്ലാ പ്രസിഡന്റ് കെ.എം. റോയി തുടങ്ങിയവർ പങ്കെടുത്തു.

'സൗര' പദ്ധതി

സൗരോർജ്ജം പ്രോത്സാഹിപ്പിക്കാനാണ് 'സൗര' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കീഴിൽ രണ്ട് ഘട്ടങ്ങളിലായി 203 മെഗാവാട്ടിന്റെ 49,402 നിലയങ്ങൾ കമ്മിഷൻ ചെയ്തു. വിവിധ പദ്ധതികളുടെ കീഴിൽ 1,70,638 നിലയങ്ങൾ സ്ഥാപിക്കാനായി. അതുവഴി സൗരോർജ്ജത്തിലൂടെ 1215 മെഗാവാട്ട് കൂടി ലഭ്യമാക്കി.

ട്രാൻസ്മിറ്റ് പദ്ധതി

പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് ട്രാൻസ്മിറ്റ് പദ്ധതി വളരെ പ്രധാനമാണ്. ഇതിന്റെ ഭാഗമായി 400 കിലോ വോൾട്ടിന്റെ മൂന്നും 220 കിലോ വോൾട്ടിന്റെ 22ഉം 110 കിലോ വോൾട്ടിന്റെ ഒന്നും സബ് സ്റ്റേഷനുകൾ സംസ്ഥാനത്ത് ആരംഭിക്കും. 3770 സർക്യൂട്ട് കിലോ മീറ്റർ എക്സ്ട്രാ ഹൈടെൻഷൻ ലൈനുകളും ഒരുങ്ങുകയാണ്. പദ്ധതി പൂർത്തിയാക്കുന്നതോടെ 107 മെഗാവാട്ടിന്റെ നേട്ടമുണ്ടാകും. പ്രതിവർഷം ശരാശരി 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും.

ആധുനികവത്കരിക്കാൻ 'ദ്യുതി"

വൈദ്യുതി മേഖലയെ ആധുനുകവത്കരിക്കുന്നതിന് 'ദ്യുതി" എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 3765 കോടി രൂപയുടെ പദ്ധതികൾ, രണ്ടാം ഘട്ടത്തിൽ 742 കോടി രൂപയുടെ പദ്ധതിയും പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി 15,000 കിലോമീറ്ററുകളോളം ലൈനുകൾ പൂർത്തീകരിച്ചു. 6158 ട്രാൻസ്‌ഫോർമറുകളും സ്ഥാപിക്കാനായി.

ഫിലമെന്റ് രഹിതമാക്കുന്നു

ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫിലമെന്റ് രഹിത കേരളമെന്ന പദ്ധതി നടപ്പിലാക്കിയത്. ഇതുവരെ 20 ലക്ഷം ഉപഭോക്തോക്കൾ രജിസ്ട്രർ ചെയ്തു. നിലാവ് പദ്ധതിയിലൂടെ നാല് ലക്ഷം തെരുവ് വിളക്കുകൾ എൽ.ഇ.ഡിയായി മാറി