അടിമാലി: അണക്കെട്ടുളോട് ചേർന്ന പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകില്ലെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സ്ഥലങ്ങളിലെ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിനടക്കം മന്ത്രിസഭാ തീരുമാനം ഉണ്ട്. റിസർവോയറിൽ വെള്ളം കയറുന്ന ഭാഗത്ത് പട്ടയം നൽകില്ലെന്നാണ് പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ച് പത്ത് ചെയിൻ പ്രദേശങ്ങളിൽ മുഴുവനായി പട്ടയം നൽകില്ലെന്ന പ്രചാരണമാണ് നടക്കുന്നത്. ഇത് ശരിയല്ല. താനും കർഷകനാണ്. കർഷകർക്ക് എതിരായ ഒരു നടപടിയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പും നൽകി. ചെങ്കുളം എക്സ്‌റ്റൻഷൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകില്ലെന്ന് പ്രഖ്യാപിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കല്ലാർകുട്ടിയിൽ മന്ത്രിയുടെ കോലം കത്തിക്കുകയും പന്തം കൊളുത്തി പ്രകടനം നടത്തുകയും ചെയ്തു. എൽ.ഡി.എഫ് ഘടകകക്ഷികൾ ഒന്നാകെയും മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നു. ഇതോടെയാണ് മന്ത്രിയുടെ തിരുത്ത്.