തൊടുപുഴ: സമുദായം ഒരേ സമയം പുരോഗതിയിലേക്ക് പോകുകയും നമ്മുടെ പാരമ്പര്യത്തെ മുറകെ പിടിക്കുകയും വേണമെന്ന് കേന്ദ്ര പട്ടികവർഗ വികസന വകുപ്പ് സഹമന്ത്രി ദുർഗാദാസ് ഉയികെ. തൊടുപുഴയിൽ നടന്ന അഖില തിരുവിതാംകൂർ മല അരയ മഹാസഭ സ്ഥാപകാചര്യൻ രാമൻ മേട്ടൂരിന്റെ 105ാം ജന്മദിന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർക്കെതിരെയും മുഗളന്മാർക്കെതിരെയും തലകുനിക്കാതെ പോരാടിയത് ആദിവാസി വിഭാഗക്കാരാണ്. സ്വാതന്ത്ര സമരകാലത്ത് ലക്ഷക്കണക്കിന് ആദിവാസികൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്നു. ശബരിമല ക്ഷേത്രത്തിൽ ഒരുകാലത്ത് പൂജ നടത്തിയിരുന്നത് മല അരയ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ഈ സമുദായത്തിൽ നിന്ന് ധാരാളം സന്ന്യാസിമാരും യോഗിവര്യന്മാരുമുണ്ടായിരുന്നു. അവർ പ്രതിഷ്ഠിച്ച ധാരാളം ക്ഷേത്രങ്ങളുമുണ്ട്. 1930കളിൽ മല അരയ സമുദായത്തിന് സ്വന്തമായി ഒരു സ്‌കൂൾ ഉണ്ടായിരുന്നുവെന്നത് സൂചിപ്പിക്കുന്നത് സമുദായത്തിന് വിദ്യാഭ്യാസത്തോടും വികസനത്തോടുമുള്ള താത്പര്യമാണ്. രാജ്യത്ത് ഒരുകാലത്ത് 75 ശതമാനം ഭൂമി ഉണ്ടായിരുന്നത് ആദിവാസി ജനവിഭാഗങ്ങളുടെ കൈകളിലായിരുന്നു. ഇപ്പോൾ രാജ്യത്ത് 12 കോടിയോളം വരുന്ന ആദിവാസി ജനവിഭാഗം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ടി.എം.എ.എം.എസ് പ്രസിഡന്റ് കെ.ബി. ശങ്കരൻ അദ്ധ്യക്ഷനായി. സംസ്ഥാന പട്ടികജാതിപട്ടികവർഗ ഗോത്ര കമ്മീഷനംഗം അഡ്വ. സേതു നാരായണൻ, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, അഖില തിരുവിതാംകൂർ മല അരയ മഹാസഭ ഭാരവാഹികളായ വി.പി. ബാബു, പി.പി. വിജയൻ, വി.എൻ. രുഗ്മിണി, എം.എസ്. സതീഷ്, കെ.കെ. സോമൻ, ഇന്ദിര ശിവദാസ്, പി.കെ. ഗോപാലകൃഷ്ണൻ, സുഭാഷ് ടി. സുനിൽ, മനു കെ. വിജയൻ, പി.കെ. രാജേന്ദ്രൻ, എം.ഐ. വിജയൻ എന്നിവർ സംസാരിച്ചു.
ഇന്നലെ രാവിലെ പൂമാല സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് സ്മൃതി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ പ്രയാണം തൊടുപുഴ തെനംകുന്ന് ബൈപാസിലെത്തി വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഘോഷയാത്രയായി സമ്മേളന ഹാളിൽ എത്തി.