 10 മാസത്തിനിടെ തൊടുപുഴയിൽ മാത്രം തീപിടിച്ചത് 12 വാഹനങ്ങൾക്ക്

തൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്ന സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നു. ഈ വർഷം ഇതുവരെ തൊടുപുഴയിൽ മാത്രം 12 വാഹനങ്ങൾക്കാണ് തീപിടിച്ചത്. കുട്ടിക്കാനം പോലുള്ള ഹൈറേഞ്ചേ് മേഖലയിലെ കണക്ക് നോക്കിയാൽ എണ്ണം വീണ്ടും വർദ്ധിക്കും. തീപിടിച്ചവയിലേറെയും കാറുകളാണ്. ഇലക്ട്രിക് വാഹനങ്ങളെന്നോ പെട്രോൾ ഡീസൽ വാഹനങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് തീ പടരുന്നത്. ഇക്കാര്യത്തിൽ കൃത്യമായ ജാഗ്രത പുലർത്തണമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറയുന്നു. കുട്ടികളും പ്രായമായവരുമെല്ലാം നിത്യേന യാത്ര ചെയ്യുന്ന വാഹനങ്ങളിൽ കൃത്യമായ സുരക്ഷ ഉറപ്പ് വരുത്തണം.

തീ പിടിച്ച വണ്ടികൾ (ജനുവരി- ഒക്ടോബർ)​
ബൈക്ക്,​ ഇലക്ട്രിക് സ്കൂട്ടർ,​ ഓമ്നി വാൻ,​ ട്രാവലർ,​ ഓട്ടോറിക്ഷ- 1
കാർ- 5
ലോറി- 2

ശ്രദ്ധിക്കേണ്ടത്
 ഫ്യുവൽ ലൈനിലെ കാലപ്പഴക്കം, കൃത്യമായി മെയിന്റനൻസ് നടത്താത്തത് മൂലമുള്ള ലീക്കേജ്

 കുറഞ്ഞ വയറുകളിൽ ഘടിപ്പിക്കുന്ന മ്യൂസിക് സിസ്റ്റവും ചൂട് കൂടുതൽ പുറപ്പെടുവിക്കുന്ന ബൾബുകളും അപകമുണ്ടാക്കും

 പഴയതും തകരാറിലുമായ ബാറ്ററികൾ ഉപയോഗിക്കുന്നത്

 കൂളിംഗ് സിസ്റ്റത്തിന് തകരാർ സംഭവിച്ചാൽ എൻജിൻ ചൂടാകും

 തീപിടിത്ത സാദ്ധ്യതയുള്ള ഉണങ്ങിയ പുല്ല്, ചപ്പുചവറുകൾ എന്നിവയുടെ സമീപത്ത് വാഹനം പാർക്ക് ചെയ്യരുത്.

 വാഹനത്തിനുള്ളിൽ പുകവലിക്കരുത്

 വാഹനമെടുക്കും മുമ്പ് ഓയിൽ ലീക്ക് ഉണ്ടോയെന്ന് പരിശോധിക്കണം

 എൽ.പി.ജി വാഹനങ്ങളിലെ ഗ്യാസ് ലൈനിൽ ചോർച്ച ഇല്ലെന്ന് ഉറപ്പാക്കണം

 സ്പ്രേ, ലൈറ്റർ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ സൂക്ഷിക്കരുത്

തീ പിടിച്ചാൽ എന്ത് ചെയ്യും

 എത്രയും വേഗം വാഹനം നിറുത്തുക. വീണ്ടും ഓടിക്കാൻ ശ്രമിക്കരുത്

 ഡോർ തുറന്നില്ലെങ്കിൽ ഹെഡ് റെസ്റ്റ് ഊരിയെടുത്ത് സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്ത് കടക്കുക

 പുറത്തിറങ്ങിയാൽ എത്രയും വേഗം അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കണം

 തീ നിയന്ത്രണാതീതമായാൽ സമീപത്ത് പോകരുത്

 ആ ഭാഗത്തേക്കുള്ള ആളുകളെയും വാഹനങ്ങളെയും തടയ‌ണം

 ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്

 ബോണറ്റ് തുറക്കാൻ ശ്രമിച്ചാൽ തീ ആളിപ്പടരും