തൊടുപുഴ: ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കും ഉടമയ്ക്കും 5000 രൂപ പിഴ. തൊടുപുഴ- പാല റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് 'ഒടിയൻ' ഓടിച്ച ഡ്രൈവർക്കാണ് ബസ് ഓടിക്കുന്നതിന് ആവശ്യമായ ലൈസൻസില്ലെന്ന് മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ജോയിന്റ് ആർ.ടി.ഒയുടെ നിർദേശപ്രകാരമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തിയത്. ഡ്രൈവറായ ജയേഷിന് ലൈസൻസില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ബസ് സ്റ്റാൻഡിൽ പിടിച്ചിട്ട ശേഷം ഉദ്യോഗസ്ഥർ വാഹനത്തിന്റെ താക്കോലുമായി മടങ്ങി. സംഭവത്തിൽ കേസ് എടുത്ത ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി മോട്ടോർവാഹന വകുപ്പ് വിശദീകരണം തേടി. കസ്റ്റഡിയിലെടുത്ത ബസ് വിട്ടു നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ബസ് ഉടമയുടെ ലൈസൻസ് ഹാജരാക്കിയ സാഹചര്യത്തിൽ വാഹനം വിട്ടു നൽകിയതായി തൊടുപുഴ ജോയിന്റ് ആർ.ടി.ഒ. എസ്. സഞ്ജയ് അറിയിച്ചു.