pic

ഉടുമ്പന്നൂർ: റോഡരികിൽ മാലിന്യം നിക്ഷേപിച്ച പ്രവാസിയിൽ നിന്ന് 5000 രൂപ പിഴയടപ്പിച്ചും മാലിന്യം തിരികെ എടുപ്പിച്ചും ഉടുമ്പന്നൂർ പഞ്ചായത്ത്. അവധിക്ക് നാട്ടിലെത്തിയ ഉടുമ്പന്നൂർ പരിയാരം സ്വദേശിയായ പ്രവാസി വീട് ക്ലീൻ ചെയ്ത മാലിന്യങ്ങൾ കവറിൽ കെട്ടി ചീനിക്കുഴി- മലയിഞ്ചി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മലയിഞ്ചി ചാരിറ്റബൾ ട്രസ്റ്റ്, ആൾക്കല്ല് മഹാത്മ വോളിബോൾ ക്ലബ്ബ് എന്നീ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിന്റെ വശങ്ങൾ

വൃത്തിയാക്കുന്നതിനിടയിൽ മാലിന്യ നിക്ഷേപം കണ്ടെത്തുകയായിരുന്നു. കവർ അഴിച്ച് മാലിന്യം പരിശോധിച്ചതിൽ നിന്ന് ലഭ്യമായ വിവരങ്ങൾ സംഘടനാ പ്രവർത്തകർ പഞ്ചായത്തിനെ അറിയിച്ചു. തുടർന്ന് നിക്ഷേപിച്ചയാളെ പഞ്ചായത്തിൽ വിളിച്ച് വരുത്തി പിഴ അടപ്പിച്ച് മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു. മാലിന്യനിക്ഷേപകനെ കണ്ടെത്താൻ സഹായിച്ച സംഘടനാ പ്രവർത്തകരെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ഇവർക്ക് പാരിതോഷികം നൽകുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് സെക്രട്ടറി കെ.പി. യശോധരൻ പറഞ്ഞു.