
മുട്ടം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുലിപ്പേടിയിൽ മുട്ടം- തുടങ്ങനാട് മേഖല. തുടങ്ങനാട് പാണ്ടൻകല്ല് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. തുടങ്ങനാട് സ്വദേശി പാറശ്ശേരിൽ ബിൻസി ഷാജിയും അതുവഴി ബൈക്കിൽ വന്ന രണ്ട് പേരുമാണ് പുലിയെ കണ്ടത്. ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. ബിൻസി കൃഷിയിടത്തിലേക്ക് പോകും വഴിയാണ് പുലിയെ കണ്ടതായി പറയുന്നത്. റോഡ് മറികടന്ന് സമീപത്തെ തോട്ടത്തിലേക്ക് പോകുകയായിരുന്നു പുലി. നായയേക്കാൾ ഉയരവും നീളവും ഉള്ളതായി ബിൻസി പറഞ്ഞു. സംഭവം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളോ മറ്റോ കണ്ടെത്താനായില്ല. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിർത്തിയായ ഇല്ലിചാരിയിൽ ഏപ്രിൽ 21ന്
പുലിയെ കണ്ടതോടെയാണ് നാട്ടുകാരിൽ ഭീതി പരന്നത്. ശേഷം പല സ്ഥലങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇല്ലിചാരിയിലെ മാത്രമാണ് സ്ഥിരീകരിക്കാൻ കഴിഞ്ഞത്. വനംവകുപ്പ് സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ഇത് നാട്ടുകാരെ വളരെ ഭീതിയിലാക്കിയിരുന്നു. അനവധി വളർത്തു മൃഗങ്ങളെ പുലി കൊന്ന് തിന്നുകയും ചെയ്തിരുന്നു. ഇതിൽ പരിഭ്രാന്തരായ നാട്ടുകാർ സന്ധ്യ മയങ്ങിയാൽ വീട്ടിനകത്ത് തന്നെ കഴിഞ്ഞ് കൂടുകയായിരുന്നു. ആടിനും പശുവിനും പുല്ലു വെട്ടാൻ പോലും പുറത്ത് ഇറങ്ങാൻ ഭയപ്പെട്ടിരുന്നു. ശേഷം മാസങ്ങളോളം പുലിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. പിന്നീട് ഇന്നലെയാണ് പുലിയെ കണ്ടതായി പറയുന്നത്.
വിവരം അറിയിക്കണം
മൃഗങ്ങളെ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചാലോ വീണ്ടും പുലി സാന്നിദ്ധ്യം കണ്ടാലോ വനം വകുപ്പിനെ അറിയിക്കണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അങ്ങനെ കണ്ടാൽ ക്യാമറ സ്ഥാപിക്കുകയും ശേഷം കൂട് സ്ഥാപിക്കുകയും ചെയ്യുമെന്ന് ജീവനക്കാർ പറഞ്ഞു.