മൂന്നാർ: കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിനെ തുടർന്ന് വിവാദമായ ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിംഗ് നവംബർ ആറിന് നടക്കും.
28ന് ദേവികുളം സബ് കളക്ടർ ഓഫീസിൽ നടത്തിയ ഹിയറിംഗിൽ കുറച്ചുപേരും സ്ഥലമുടമകളുടെ നാല് വക്കീലന്മാരുമാണ് ഹാജരായത്. ഹിയറിങ്ങിൽ പങ്കെടുത്തവർ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളിലും പട്ടയ ഫയലുകൾ പരിശോധിച്ചതിലും ചില അപാകതകൾ കണ്ടെത്തിയിട്ടുള്ളതായാണ് വിവരം. ആദ്യം ഒക്ടോബർ 14ന് നടത്തിയ ഹിയറിംഗിൽ നോട്ടീസ് ലഭിച്ച സ്ഥലമുടമകളിൽ 49 പേരിൽ 44 പേരും ഹാജരായിരുന്നു. എന്നാൽ, പിന്നീടുള്ള ഹിയറിംഗുകളിൽ ഉടമകളുടെ എണ്ണം കുറഞ്ഞുവരികയാണുണ്ടായത്. ഇതു തന്നെ സ്ഥലം വാങ്ങിയതിലും പ്രമാണങ്ങൾ ചമച്ചതിലും ക്രമക്കേടുകൾ ഉണ്ടെന്നുള്ളതിന് തെളിവാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. 1971ന് മുമ്പ് കൈവശഭൂമിയിൽ കൃഷി ചെയ്ത് വീട് വീട് വെച്ച് താമസിക്കുന്നവർക്കാണ് 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നത്. എന്നാൽ, റെഡ്‌സോണിൽ ഉൾപ്പെട്ട ചൊക്രമുടിയിൽ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താൽ ചൊക്രമുടിയിലെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദ് ചെയ്യാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.