തൊടുപുഴ: സി.എച്ച്.ആർ വിഷയത്തിൽ തുടക്കം മുതൽ കൃഷിക്കാർക്കെതിരായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചു വരുന്നതെന്ന് മുതിർന്ന സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ പറഞ്ഞു. 2002 മുതൽ യു.ഡി.എഫ് സർക്കാർ തികച്ചും കർഷക വിരുദ്ധ ജനവിരുദ്ധ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചു വന്നത്. വൺ എർത്ത് വൺ ലൈഫ് സംഘടനയുടെ ഹർജിയെക്കുറിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കണമെന്ന് 2004ലും 2005ലും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ മറുപടിയും കൊടുത്തില്ല. 2007ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിൽ സി.എച്ച്.ആർ 15720 ഏക്കറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023ലും 2024ലും ഇതേ നിലപാട് ആവർത്തിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 1897ലെ രാജ വിളംബര പ്രകാരം, സി.എച്ച്.ആർ 15720 ഏക്കർ മാത്രമാണ്. 2017 മേയ് 22ന് റവന്യൂ മന്ത്രിയായിരുന്ന ചന്ദ്രശേഖരൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സി.എച്ച്.ആർ 215,720 ഏക്കർ എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പരിസ്ഥിതി സംഘടന. വിഷയത്തിൽ പലപ്പോഴും സംസ്ഥാന വനംവകുപ്പിന്റെ നിലപാട് സംസ്ഥാന സർക്കാരിന്റെ നിലപാടിന് ഘടകവിരുദ്ധവുമാണ്. ചില വനവകുപ്പ് ഉദ്യോഗസ്ഥന്മാരും പരിസ്ഥിതി സംഘടനകളും പറയുന്നതുപോലെ സി.എച്ച്.ആർ വനഭൂമിയാണെന്ന് കാണിച്ച് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല. വ്യക്തമായ വിജ്ഞാപനം ഇല്ലാത്തിടത്തോളം കാലം ഏലമല പ്രദേശം റവന്യൂ ഭൂമിയായി തുടരും. ലക്ഷക്കണക്കിന് മനുഷ്യർ താമസിക്കുന്ന ഈ മേഖലയിൽ വീടുകളും കടകമ്പോളങ്ങളും പൊതു സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ഇടിച്ചുനിരത്തി പട്ടയം റദ്ദാക്കി കുടുംബങ്ങളെ കുടിയിറക്കുന്നതിന് വേണ്ടി വാദിക്കുന്ന വൺ ഏർത് വൺ ലൈഫ് എന്ന സംഘടന ആരോടെല്ലാം അച്ചാരം വാങ്ങിയിട്ടുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് എന്തൊക്കെയാണെന്നും സർക്കാർ അന്വേഷിക്കണം. സി.എച്ച്.ആർ വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന യു.ഡി.എഫിന്റെ നാൾവഴികൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.