തൊടുപുഴ: മാരിയിൽകടവ് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് പൊതുമരാമത്ത് മന്ത്രി അംഗീകാരം നൽകി. പി.ജെ. ജോസഫ് എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിനുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം രണ്ടുവർഷം മുമ്പ് ഏറ്റെടുത്തിരുന്നു. ഭൂഉടമകൾക്കുള്ള നഷ്ടപരിഹാരവും വിതരണം ചെയ്തിരുന്നു. എന്നാൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് 1.80 കോടി രൂപ നേരത്തെ അനുവദിക്കുകയും ഈ തുക ഉപയോഗിച്ചുള്ള മാരിക്കലുങ്ക് ഭാഗത്തെ നിർമ്മാണം ഏകദേശം പൂർത്തിയാവുകയും ചെയ്തു. പാലം നിർമ്മാണത്തിന് അനുവദിച്ച ഫണ്ടിൽ 90 ലക്ഷം രൂപ മിച്ചം ഉണ്ടായിരുന്നത് കാഞ്ഞിരമറ്റം ഭാഗത്തെ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് 90 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതിക്കായി സർക്കാരിനെ സമീപിച്ചെങ്കിലും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടു വർഷമായി അംഗീകാരം ലഭിക്കാതെ കിടക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പി.ജെ. ജോസഫ് നിയമസഭയിൽ ഉപക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് മന്ത്രി ഫയലിൽ ഒപ്പുവച്ചത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉടൻ തന്നെ ഭരണാനുമതിക്കുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ പാലം നിർമ്മിച്ച കോൺട്രാക്ടർ തന്നെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഭരണാനുമതിക്കുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് വകുപ്പ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ താമസം ഉണ്ടാവുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി എത്രയും വേഗം പാലം തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കും"

-പി.ജെ. ജോസഫ് എം.എൽ.എ

തറക്കല്ലിട്ടിട്ട് 11 വർഷം

തൊടുപുഴയാറിന് കുറുകെ കാഞ്ഞിരമറ്റത്തെയും ഒളമറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2013ലാണ് തറക്കല്ലിട്ടത്. രണ്ടു വർഷം കൊണ്ട് 2015ൽ പാലം നിർമ്മാണം പൂർത്തിയായി. പിന്നീടാണ് അപ്രോച്ച് റോഡിനായി നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയത്. ഇതിനിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പാലം സന്ദർശിച്ചു. അപ്രോച്ച് റോഡ് നിർമ്മിച്ച് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായി മാറി.

ദൂരം കുറയും,

സമയം ലാഭം
അപ്രോച്ച് റോഡ് പൂർത്തീകരിച്ചാൽ ഇടുക്കി റോഡിൽ നിന്ന് വരുന്ന വാഹന യാത്രക്കാർക്ക് പാലം കയറി കാഞ്ഞിരമറ്റം, തെക്കുംഭാഗം, ഇടവെട്ടി, ആലക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം പോകാനാകും. തൊടുപുഴ ഭാഗത്തു നിന്നുള്ള യാത്രക്കാർക്കും ഇത് ഏറെ ഗുണകരമാകും. ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാനാകും. കാഞ്ഞിരമറ്റത്തു നിന്ന് മുതലിയാർമഠം പ്രദേശത്തു കൂടി കാരിക്കോട് എത്തിച്ചേരുന്ന പുതിയ ബൈപാസ് നിർമ്മിക്കാനും ലക്ഷ്യമുണ്ട്. ഇത് തൊടുപുഴ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിന് ഗുണകരമാകും.