തൊടുപുഴ: പൗരാവകാശ സംഘടനയുടെ പേരിൽ തൊടുപുഴ മേഖലയിലെ ബസുടമകളെ ഭീഷണിപ്പെടുത്തി പണം ചോദിക്കുന്നതായും നൽകിയില്ലെങ്കിൽ നിരന്തരം അധികൃതർക്ക് പരാതി നൽകി ദ്രോഹിക്കുന്നെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബസുകൾ ട്രിപ്പ് മുടക്കുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി,​ ഗതാഗത മന്ത്രി,​ ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവർക്ക് നിരന്തരമായി പരാതി നൽകുന്നത്. എറണാകുളത്ത് രജിസ്ട്രേഷനുള്ള ഒരു പൗരാവകാശ സംഘടനയാണ് ഇതിന് പിന്നിൽ. ഇവർ ബസുടമകളെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തി പണം ചോദിക്കുകയും നൽകിയില്ലെങ്കിൽ വ്യാപകമായി പരാതി നൽകുകയുമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ 7500 മുതൽ 10,000 രൂപ വരെയാണ് സർക്കാർ പിഴ ഈടാക്കുന്നത്‌. ഈ റൂട്ടിലുള്ള ഒരു യാത്രക്കാരന് പോലും പരാതിയില്ല. ഇവരുടെ ഉദ്ദേശശുദ്ധി സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജില്ലാ​ സെക്രട്ടറി കെ.കെ. അജിത് കുമാർ,​ ട്രഷറർ പി.എം. ജോർജ്ജ്,​ വൈസ് പ്രസിഡന്റ് കെ.എം. സലീം എന്നിവർ പങ്കെടുത്തു.