കട്ടപ്പന :താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരേ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.ഒ ക്ക് നഗരസഭ ചെയർ പേഴ്‌സന്റ് നേതൃത്വത്തിൽ നിവേദനം നൽകി. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ 2 പീഡിയാട്രീഷ്യന്മാരുടെ തസ്തിക ഉണ്ടങ്കിലും ഒരാളുടെ പോലും സേവനം ലഭിക്കാതെയായിട്ട് മാസങ്ങൾ പിന്നിട്ടു.ജനറൽ ഒ. പി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ സ്‌പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കേണ്ടി വരുന്നു. ഇതോടെ സ്‌പെഷ്യലിസ്റ്റ് ഒ .പി യിൽ ഡോക്ടർമാരുടെ സേവനം കുറയുന്നു.
ഇ.എൻ.ടി ഡോക്ടർ 2 ആഴ്ച്ച അവധിയിൽ പോയതും രോഗികളെ വലച്ചു.ദിവസേനേ 500 അധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ കൂടുതൽ പേരേ ചികിത്സിക്കേണ്ട സ്ഥിതിയിലാണ് .ആകെ 12 ഡോക്ടർമാരുടെ തസ്തികകളാണ് താലൂക്ക് ആശുപത്രിയിലുള്ളത്.അതിൽ നാലുപേരുടെ സേവനം ലഭിക്കുന്നില്ല.അസിസ്റ്റന്റ് സർജൻമാരുടെ തസ്തികകളിൽ രണ്ടു പേരേ നിയമിച്ചെങ്കിലും അവർ ഉപരി പഠനത്തിനായി അവധിയിൽ പ്രവേശിച്ചു.ആ ഒഴിവിലേക്ക് ഒരാളെയാണ് താൽക്കാലികമായി നിയോഗിച്ചിട്ടുള്ളത്.
ഓപ്പറേഷൻ തീയേറ്റർ ഉണ്ടെങ്കിലും അനസ്‌തേഷ്യാ ഡോക്ടർ ഇല്ലാത്തതിനാൽ മേജർ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ല.
മുൻപ് ജോലി ക്രമികരണ വ്യവസ്ഥയിൽ 2 അനസ്‌തെഷ്യാ ഡോക്ടർമാരെ നിയമിച്ചിരുന്നു.ആഴ്ച്ചയിൽ നാലു ദിവസം ഇവരുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചു.ഈ സാഹചര്യത്തിലാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന നഗരസഭ ചെയർ പേഴ്‌സൺ ബീനാ ടോമി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ലീലാമ്മ ബേബി എന്നിവരാണ് ഡി.എം.ഒ ക്ക് നിവേദനം നൽകിയത്.