തൊടുപുഴ: അയൽവാസിയുടെ മണ്ണെടുപ്പിനെതിരെ പരാതി നൽകിയതിന്റെ പേരിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി പരാതി. തൊടുപുഴ അർബൻ ബാങ്കിൽ നിന്ന് വിരമിച്ച വിധവയായ ചുങ്കം കാവനാൽ വീട്ടിൽ സുഭദ്ര ഷാജിയാണ് പരാതിക്കാരി. ചുങ്കം 28-ാം വാർഡിൽ പീസിലാൻഡ് റോഡിലാണ് സുഭദ്രയും നിയമ വിദ്യാർത്ഥിയായ മകളും താമസിക്കുന്നത്. സമീപവാസിയുടെ മണ്ണെടുപ്പ് മൂലം മഴയിൽ വീടിന്റെ മുറ്റത്തേക്ക് ചെളിയും വെള്ളവും ഒഴുകിയെത്തുന്നതിനെതിരെ ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതോടെ മണ്ണെടുക്കുന്നതിന് നഗരസഭാ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി. അയൽവാസി തനിക്കും മകൾക്കുമെതിരെ പരാതി നൽകിയെന്നു പറഞ്ഞാണ് കഴിഞ്ഞ 29ന് ഉച്ചയോടെ തൊടുപഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ മൂന്ന് പോലീസുകാർ എത്തിയത്. ഇവർ വീടിന്റെ ഗേറ്റിന് പുറത്തുനിന്ന് തങ്ങളെ അപമാനിക്കുന്ന തരത്തിൽ പരസ്യവിചാരണ നടത്തി. ഇതോടെ ഗേറ്റ് തുറന്ന് പൊലീസ് ഉദ്യോഗസ്ഥരെ വീടിന്റെ മുറ്റത്തേക്ക് പ്രവേശിപ്പിച്ചു. ഇനി മണ്ണെടുപ്പിന് തടസ്സം നിൽക്കെരുതെന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ മടങ്ങിയതെന്നും സുഭദ്ര പറഞ്ഞു. സംഭവത്തെത്തുടർന്ന് ഉയർന്ന രക്ത സമ്മർദ്ദവും നെഞ്ചുവേദനയും അനുഭവപ്പെട്ട സുഭദ്രയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വീട്ടമ്മ കോലഞ്ചേരി മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ചികിത്സയിലാണെന്ന് മകൾ രേഷ്മ ഷാജി പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യമടക്കം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി സുഭദ്ര പറഞ്ഞു.