കട്ടപ്പന : ഏലമല പ്രദേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കർഷക സംഘടനകൾ യോഗം ചേർന്നു.അന്തിമ വിധി എതിരായാൽ ഇടുക്കിയിലെ ആറുലക്ഷത്തോളം കർഷകർ കുടിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്ന് യോഗം വിലയിരുത്തി.

ഏലമല പ്രദേശത്ത് പട്ടയം നൽകരുതെന്നും വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കരുതെന്നുമാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധി. അന്തിമവിധിയും എതിരായാൽ ജില്ലയിലെ മുപ്പതോളം വില്ലേജുകളിലെ 6 ലക്ഷത്തിലധികം കർഷകരെ അത് പ്രതികൂലമായി ബാധിക്കും. പുതിയ പട്ടയങ്ങൾ നൽകാൻ കഴിയില്ല എന്ന് മാത്രമല്ല, നിലവിലുള്ള പട്ടയങ്ങളുടെ സാധുതയും ഭാവിയിൽ ചോദ്യം ചെയ്യപ്പെടും. ബാങ്കുകൾ ഉൾപ്പെടെ വായ്പ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും യോഗം വിലയിരുത്തി.സി എച്ച് ആർ പ്രദേശം റവന്യൂഭൂമിയാണെന്ന സത്യവാങ്മൂലം ആണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. ഇത് സ്ഥാപിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനും മികച്ച അഭിഭാഷകരെ നിയോഗിക്കാനും സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഇടക്കാല വിധി ഇടുക്കിയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അന്തിമ വിധി കൂടി എതിരായാൽ കുടിയിറങ്ങേണ്ടി വരമോ എന്ന ആശങ്കയിലാണ് കർഷകർ. സർക്കാർ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഇടുക്കിയിലെ കർഷകരുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.