road
തകർന്ന പീച്ചാട് - പ്ലാമല റോഡ്

അടിമാലി: പള്ളിവാസൽ പഞ്ചായത്തിലെ പീച്ചാട് പ്ലാമല റോഡ് കുണ്ടും കുഴിയുമായി .പീച്ചാട് മുതൽ പ്ലാമലസിറ്റി വരെയുള്ള രണ്ട് കിലോമീറ്ററോളം റോഡാണ് യാത്രാ ക്ലേശമായത്. നിലവിൽ ഈ റോഡ് കാൽനടയാത്ര പോലും ദുസഹമാക്കും വിധം തകർന്ന് കിടക്കുകയാണ്. മഴ പെയ്തതോടെ രൂപം കൊണ്ടിട്ടുള്ള കുഴികളിൽ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ചെളി വെള്ളം കാൽനടയാത്രികരുടെമേൽ തെറിക്കുന്നു. പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങളിൽ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും ആവർത്തിക്കുന്നുണ്ട്. ഇതു വഴിയെത്തുന്ന ചെറുവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പ്രതിസന്ധിയാകുന്നു.ഈ റോഡ് പൂർണ്ണതോതിൽ ടാറിംഗ് നടത്തി യാത്രാ യോഗ്യമാക്കിയിട്ട് നാളുകളായി. മാങ്കുളത്തേക്കെത്തുന്ന നിരവധി വിനോദ സഞ്ചാര വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. റോഡ് പൂർണ്ണമായി തകർന്ന് കിടക്കുന്ന ഭാഗങ്ങളിൽ താൽക്കാലികമായെങ്കിലും കുഴികളടച്ച് യാത്ര സുഗമമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.