അടിമാലി: അടിമാലിക്ക് സമീപം കാംകോ ജംഗ്ഷനിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം കത്തി നശിച്ചു. കാംകോ ജംഗ്ഷനിൽ പുളിയിലക്കാട് വീട്ടിൽ കശ്യപിന്റെ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകുന്നേരം മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. ഇടിമിന്നലിൽ വീട്ടിലെ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. സമീപ പ്രദേശങ്ങളിലെ വീടുകളിലെ ബൾബ് ഉൾപ്പെടെയുള്ളവർ പൊട്ടിത്തെറിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഉടൻതന്നെ അടിമാലി ഫയർഫോഴ്സുംപൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.