yasanthpur

സ്വകാര്യബസ് ലോബിക്ക് ചാകര

കണ്ണൂർ: അടുത്ത ജനുവരി മുതൽ കണ്ണൂർ യശ്വന്ത്പൂരിന് രണ്ട് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാൻ റെയിൽവേ തീരുമാനം. പകരം ജനറൽ കോച്ചുകൾ ഉൾപ്പെടുത്തും. ജനറൽ കോച്ചുകൾ വിദ്യാർത്ഥികളും ഐ.ടി പ്രൊഫഷണൽസും അടങ്ങുന്ന കണ്ണൂരിൽ നിന്നുള്ള രാത്രികാല യാത്രികർക്ക് ഉപകാരപ്പെടില്ലെന്നാണ് ആക്ഷേപം.

കണ്ണൂരിൽ നിന്നും എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനാണ് യശ്വന്ത്പൂർ എക്സ്പ്രസ് നിരവധി ബംഗളുരു മലയാളികളാണ് ഈ വണ്ടിയെ ആശ്രയിക്കുന്നത്. പതിനാലു മണിക്കൂറിൽ അറുന്നൂറിലധികം കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഈ ട്രെയിനിലെ തിരക്ക് ഒഴിവാക്കാനായാണ് റെയിൽവെ പരിഷ്‌കാരം കൊണ്ടുവരുന്നത്. ഇതോടെ, ട്രെയിനിലെ ജനറൽ കോച്ചുകളുടെ എണ്ണം നാലാകും. സ്ലീപ്പർ ക്ലാസുകളുടെ എണ്ണം പതിനൊന്നിൽ നിന്ന് ഒൻപത് ആയി കുറയുകയും ചെയ്യും.


രാത്രിയാത്രയ്ക്ക് സൗകര്യ പ്രദം

രാത്രി യാത്രയ്ക്ക് മിക്കവരും ആദ്യ പരിഗണന കൊടുക്കുന്ന ട്രെയിനാണിത്. സാധാരണ ദിവസങ്ങളിൽ പോലും ഈ ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. ആഴ്ചകൾക്ക് മുൻപ് ബുക്ക് ചെയ്യാൻ ശ്രമിച്ചാലും പലപ്പോഴും വെയിറ്റിംഗ് ലിസ്റ്റിൽ ആകാറാണ് പതിവ്. ഈ സാഹചര്യത്തിൽ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുന്നത് രാത്രിയാത്ര ദുരിതപൂർണമാക്കുമെന്നും യാത്രക്കാർ ആശങ്കപ്പെടുന്നു .
കണ്ണൂരിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം 06.05നാണ് ട്രെയിൻ നമ്പർ 16528 കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പുറപ്പെടുന്നത്. അടുത്ത ദിവസം രാവിലെ 7.50 ഓടെ യശ്വന്ത്പൂരിലെത്തും. അതിരാവിലെ ബംഗളൂരുവിൽ എത്തും എന്നതിനാൽ ഐടി മേഖലയിലടക്കം ജോലിചെയ്യുന്ന മലയാളികൾക്ക് ഏറെ സഹായകമാണ് ഈ ട്രെയിൻ. സ്ലീപ്പർ കോച്ചിൽ ഉറങ്ങി സുഖകരമായി ബെംഗളൂരുവിലെത്തി അന്നുതന്നെ ജോലിയിൽ പ്രവേശിക്കാമെന്നതാണ് ഈ ട്രെയിനിന്റെ സവിശേഷത.കോച്ചുകളുടെ എണ്ണം കുറയുന്നതോടെ മുൻകൂട്ടി ബുക്ക് ചെയ്താലും ടിക്കറ്റ് കൺഫോം ആകാൻ സാധ്യത കുറയുമെന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്.


''ബെംഗളൂരു യാത്രയ്ക്ക് ഈ ട്രെയിനിനെയാണ് സ്ഥിരമായി ആശ്രയിക്കുന്നത്. ഇപ്പോൾ തന്നെ സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ സ്ലീപ്പർ കോച്ചുകൾ കുറച്ചാൽ യാത്ര നരകതുല്യമാകും''

രാജേഷ്(ബംഗളുരുവിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ കണ്ണൂർ സ്വദേശി)


ബസുകളിൽ നിരക്ക് കൂടും

പ്രധാന ദിവസങ്ങളിലും അവധി ദിനങ്ങളോടനുബന്ധിച്ചും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതോടെ സ്വകാര്യ ബസുകൾ നിരക്ക് വർദ്ധിക്കുന്നത് പതിവാണ്. . സാധാരണ ദിവസങ്ങളിൽ ബംഗളൂരൂ കണ്ണൂർ റൂട്ടുകളിൽ നോൺ എ.സി ബസിൽ 650 രൂപ മുതലും സെമി സ്ലീപ്പറിൽ 800 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കെങ്കിൽ ഇത്തരം അവസരങ്ങളിൽ നിരക്ക് 1000 കടക്കും.

കണ്ണൂർ യശ്വന്ത് പൂർ എക്സ് പ്രസ് (16528)

കണ്ണൂർ യശ്വന്ത് പൂർ

വൈകിട്ട് 06.05 പുറപ്പെടും രാവിലെ 7.50ന്