
കണ്ണൂർ: ചൊക്ലി: കൂത്തുപറമ്പ് സംഭവത്തിൽ വെടിയേറ്റ് മുപ്പതാണ്ടുകൾ ശയ്യാവലംബിയായി തീവ്രാനുഭവങ്ങൾ കടന്ന് മറഞ്ഞുപോയ പുതുക്കുടി പുഷ്പന്റെ ഓർമ്മകളുറങ്ങുന്ന മേനപ്രം ഗ്രാമത്തിലേക്ക് കേരളം ഒഴുകിയെത്തുന്നു.സമുന്നതനേതാക്കൾ തൊട്ട് സാധാരണ പാർട്ടി അനുഭാവികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്,കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,മന്ത്രിമാരായ ജി.ആർ.അനിൽ,എ.കെ.ശശീന്ദ്രൻ, പി.രാജീവ് ,എം ബി. രാജേഷ്, പി. സന്തോഷ്‌കുമാർ എം.പി, എന്നിവരും വിവിധ എം.എൽ.എമാരും ഇന്നലെ വീട്ടിലെത്തി.
പുതുക്കുടി വീട്ടിന് മുന്നിൽ വെച്ച പുഷ്പന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷം പുഷ്പൻ കിടന്ന മുറിയിൽ അല്പനേരം ചിലവഴിച്ചാണ് നേതാക്കൾ ഇറങ്ങിയത്. പുഷ്പൻ തന്നെ മുൻകൈ എടുത്ത് മേനപ്രത്ത് സ്ഥാപിച്ച കൂത്തുപ്പറമ്പ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ മുൻവശത്ത് വിലക്ക് വാങ്ങിയ 38 സെന്റിൽ ആയിരകണക്കിന് റീത്തുകൾ നിരന്ന കുഴിമാടത്തിലും അഭിവാദ്യമർപ്പിച്ചതിന് ശേഷമാണ് സന്ദർശകരെല്ലാം മടങ്ങിയത്.