
കണ്ണൂർ: ഓടുന്ന കാർ കത്തുന്ന സംഭവങ്ങൾ അടുത്തടുത്ത് കണ്ണൂരിൽ ആവർത്തിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലരക്ക് കാൾടെക്സ് ചേമ്പർ ഹാളിന് മുൻവശത്ത് ആൾട്ടോ കാർ പൂർണമായും കത്തിനശിച്ചതാണ് കൂട്ടത്തിൽ ഒടുവിലത്തെ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതിയും ഭർത്താവും തീപിടിച്ച കാറിൽ കുടുങ്ങി ദാരുണമായി വെന്തുമരിച്ച സംഭവം ഇന്നും നടുക്കത്തോടെയാണ് ആളുകളുടെ ഓർക്കുന്നത്.
ചൊവ്വാഴ്ച കാൾടെക്സിൽ ഓടികൊണ്ടിരിക്കെ തീപിടിച്ച കാറിൽ നിന്ന് ഡ്രൈവർക്ക് ഇറങ്ങി ഓടാൻ സാധിച്ചതിനാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ബോണറ്റിൽ തീ ഉയരുന്നത് കണ്ടയുടനെ ഡ്രൈവർ അർജുൻ കാർ നിർത്തി ഇറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ മാസം കണ്ണൂർ താണയിലും ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു.അന്നും ആളപായങ്ങളുണ്ടായിട്ടില്ല.കഴിഞ്ഞ ഒരു വർഷത്തിനകം കണ്ണൂരിൽ മാത്രം കാർ കത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
സൂചനകൾ വരും; അവഗണിക്കരുത്
സമയാസമയം മെയിന്റനൻസ് ചെയ്യാത്തതാണ് കാറുകൾക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓടിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ കൃത്യമായി ചെയ്യാത്തത് അപകടങ്ങളിലേക്ക് നയിക്കുന്നു. എൻജിൻ സ്റ്റാർട്ടായി ഓടിത്തുടങ്ങിയാൽ എൻജിൻ കേബിളിൽ നിന്നുള്ള ചൂടിൽ പെട്രോൾ വളരെ പെട്ടെന്ന് കത്താൻ സാദ്ധ്യതയുണ്ട്. വാഹനങ്ങളിൽ ഫ്യൂസുകൾ സാധാരണ ഗതിയിൽ അടിച്ചുപോവാറില്ല. വൈദ്യുതി ഷോർട്ട് ആവുന്നതിനാലാണ് ഫ്യൂസ് അടിച്ചുപോവുന്നത്. ഇന്ധന ചോർച്ചയാണ് വാഹനങ്ങൾ കത്താനുള്ള പ്രധാന കാരണമായി മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അൾട്ടർ ചെയ്ത് എൽ.പി.ജി ഘടിപ്പിക്കുന്ന വാഹനങ്ങൾ എല്ലാ വർഷവും സർവീസ് ചെയ്യണം ടാങ്കിന് പ്രഷർ ടെസ്റ്റ് ചെയ്യണം.
പരിശോധന വേണം
1വണ്ടിയെടുക്കുമ്പോൾ ഓയിൽ തുളുമ്പുന്നത്
2ഇടക്കിടെ ഫ്യൂസ് അടിച്ചുപോവുന്നത്
ചെക്ക് പ്ളീസ്
ഓയിൽ ലെവൽ ,കൂളെന്റിൻ ലെവൽ , ലൂബ്രിക്കേറ്റിംഗ് ഓയിൽ ലെവൽ ,ടാങ്ക് പ്രഷർ
വേണ്ട അഡീഷ്ണൽ ഫിറ്റിംഗുകൾ
കാറിനകത്ത് ലോ ക്വാളിറ്റിയിൽ കാറിനകത്ത് അധികമായി നടത്തുന്ന ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ അപകടകരമാണ്. ഇത്തരത്തിലുള്ള വയറിംഗുകൾ കണക്റ്റ് കമ്പനി വയറിംഗിലെ ഇൻസുലേഷൻ കട്ട് ചെയ്താണ് കണക്ട് ചെയ്യുന്നത്. ഇൻസുലേഷൻ കൃത്യമല്ലാതിരിക്കുമ്പോൾ കറന്റ് കൂടുതലായാൽ ഷോർട്ട് സർക്യൂട്ടിലൂടെ തീപിടിക്കും.
ഓർമ്മയിലുണ്ടാവണം ആ ദുരന്തം
കണ്ണൂർ: പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ റീഷയെ (32) ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കുറ്റിയാട്ടൂർ സ്വദേശിയായ പ്രജിത്ത് (32). ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.ആശുപത്രിക്ക് ഏതാനും വാര എത്തുന്നതിന് മുമ്പ് കാറിന്റെ വലതുവശത്ത് നിന്ന് തീയുയർന്നു. കാറിന്റെ പിറകിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടെങ്കിലും മുൻവശത്തെ ഡോർ അടക്കാനാകാതെ പൂർണഗർഭിണിയും ഭർത്താവും വെന്തടിയുന്നത് കണ്ടുനിൽക്കാനെ ആളുകൾക്ക് കഴിഞ്ഞുള്ളു.ഫയർഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് ഇരുവരേയും പുറത്തെടുക്കാനായത്.2023 ഫെബ്രുവരി മൂന്നിനായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.