
കണ്ണൂർ: മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പി.ആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങളോട് നേർക്കുനിന്ന് കാര്യങ്ങൾ പറയുന്ന ആളാണ് അദ്ദേഹം. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിന് ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല.
തെറ്റായ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദുവിനെതിരെ നിയമനടപടി എടുക്കുമോ എന്നതിന് ഉത്തരം പറയേണ്ടത് താനല്ല. മലപ്പുറം ജില്ലയേയും മതന്യൂനപക്ഷങ്ങളേയും മുഖ്യമന്ത്രി അപമാനിച്ചു എന്നാരോപിച്ച് നടത്തിയ പ്രചാരണത്തിന് അല്പമെങ്കിലും നാണമുണ്ടെങ്കിൽ മാദ്ധ്യമങ്ങൾ മാപ്പുപറയാൻ തയ്യാറാകണം.
മുഖ്യമന്ത്രിയെ ആക്രമിച്ച് ഇടതുപക്ഷ സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അതിന് പ്രതിപക്ഷവും മാദ്ധ്യമങ്ങളും കൂട്ടുനിൽക്കുന്നു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ വേറെ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിനെ തകർക്കണമെങ്കിൽ അതിന്റെ തലതകർക്കണം. ആ തല പിണറായി വിജയനാണ്. കാൽനൂറ്റാണ്ടായി പിണറായി വിജയനെ വേട്ടയാടുകയാണ്.
വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. ബി.ജെ.പിയും ആർ.എസ്.എസും ശക്തമായി ആക്രമിച്ച നേതാവാണ്. അദ്ദേഹത്തിന്റെ തലയ്ക്ക് ഇനാംവരെ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടിതമായി ആക്രമിച്ചിട്ടും 2021ലെ തുടർഭരണത്തിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് ജനങ്ങൾക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസമാണ്.
 വിവാദങ്ങൾക്കിടെ സി.പി.എം നേതൃയോഗം ഇന്നു മുതൽ
രാഷ്ട്രീയ വിവാദങ്ങൾക്കിടെ സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയുമാണു ചേരുക. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പി.വി.അൻവർ എം.എൽ.എയുടെ ആക്ഷേപങ്ങളും മലപ്പുറം ജില്ലയെ പരാമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പാർട്ടിയെ കനത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണു നേതൃയോഗങ്ങൾ ചേരുന്നത്. വിവാദങ്ങൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാനാണു സാധ്യത. വിഷയങ്ങളെ പ്രതിരോധിക്കാനുള്ള പരിപാടികൾക്ക് നാളെ ചേരുന്ന സി.പി.എം സംസ്ഥാന സമിതി അന്തിമ രൂപം നൽകിയേക്കും. മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണു സി.പി.എം നേതൃത്വം ഇതുവരെയും സ്വീകരിച്ചിട്ടുള്ളത്. എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റുന്ന കാര്യവും ചർച്ചയായേക്കും.