
ഭീഷണിയിൽ അൻപതും എഴുപത്തിയഞ്ചും വർഷമായി കച്ചവടം ചെയ്യുന്നവർ
പയ്യന്നൂർ: സെൻട്രൽ ബസാർ വികസന പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കായി ഇന്നലെ വൈകീട്ട് ചേംബർ ഓഫീസിൽ നടന്ന യോഗത്തിൽ ആശങ്ക പങ്കുവച്ച് വ്യാപാരി സമൂഹം. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഒന്നടങ്കം വ്യാപാരിസമൂഹം യോഗത്തിനെത്തിയത് തന്നെ പദ്ധതിയുടെ നടത്തിപ്പിൽ വലിയ ആശങ്കയുണ്ടെന്നതിന്റെ തെളിവായി. ചേമ്പർ ഹാളിന് ഉൾക്കൊള്ളാനാകാത്ത തരത്തിലായിരുന്നു യോഗത്തിൽ വ്യാപാരികളുടെ പങ്കാളിത്തം.
പങ്കെടുത്തവരുടെ മുഖങ്ങളിലെല്ലാം കട ഒഴിയേണ്ടിവരുമോയെന്ന ആശങ്ക പ്രകടമായിരുന്നു. ചേമ്പർ വർക്കിംഗ് പ്രസിഡന്റ് വി.പി. സുമിത്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചേംബറിന്റെ സഹഭാരവാഹികളും ഹോട്ടൽ റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ബാലകൃഷ്ണപ്പൊതുവാളടക്കമുള്ളവരും പങ്കെടുത്തിരുന്നു.
ആശങ്ക ഉയർന്നത് അടയാളമിട്ടതോടെ
യാതൊരു മുന്നറിയിപ്പുമില്ലാതെ അധികൃതർ നടത്തിയ അടയാളപ്പെടുത്തലുകളാണ് വ്യാപാരികളെ പെടുന്നനെ ആശങ്കയിലാഴ്ത്തിയത്. സെൻട്രൽ ബസാറിൽ നിന്ന് പെരുമ്പ ഭാഗത്തേത് 400 മീറ്ററും പഴയ ബസ്‌സ്റ്റാൻഡ് ഭാഗത്തേക്ക് 440 മീറ്ററും അന്നൂർ ഭാഗത്തേക്ക് 160 മീറ്ററും കണ്ടങ്കാളി ഭാഗത്തേക്ക് 150 മീറ്റും നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നതെന്നാണ് പുറത്തുവന്ന വിവരം. ജംഗ്‌ഷനിൽ
50 മുതൽ 25 മീറ്റർ വരേയും അപ്രോച്ച് റോഡിലേക്ക് വരുമ്പോൾ കുറഞ്ഞ് 20 മീറ്റർ വീതി വരെയാകും എന്നും പറയപ്പെടുന്നു.
സെൻട്രൽ ബസാറിലേയും അനുബന്ധ റോഡരികിലെയും വ്യാപാരസ്ഥാപനങ്ങളും പ്രധാന റോഡിൽ 840 മീറ്റർ നീളത്തിനുള്ളിൽ വരുന്ന വ്യാപാരസ്ഥാപനങ്ങളുടെ മുൻവശവും പൊളിച്ച് മാറ്റേണ്ടി വരുമെന്നും പറയപ്പെടുന്നു. ഇങ്ങനെ വന്നാൽ സെൻട്രൽ ബസാർ മുതൽ നാല് ഭാഗത്തേക്കുമുള്ള ഒട്ടുമിക്ക കടകളും നീക്കം ചെയ്യേണ്ടി വരുമെന്നാണ് ഇവരുടെ ആശങ്ക. ഇത്തരം സ്ഥാപനങ്ങളിൽ അധികവും
അൻപതും എഴുപത്തിയഞ്ചും വർഷങ്ങളായി വ്യാപാരം നടത്തിവരുന്നവരാണ്.തലമുറകളായി കച്ചവടം നടത്തിവരുന്നവരാണ് അധികവും.
ഉറപ്പ് കിട്ടണം
വികസനം സംബന്ധിച്ച് വ്യാപാരി സംഘടനകളുമായി ചർച്ച ചെയ്യണം
വ്യാപാരി സമൂഹത്തെ വിശ്വാസത്തിലെടുക്കണം
വാടകകെട്ടിടങ്ങളിൽ നിന്ന് ഒഴിയേണ്ടിവരുന്നവർക്ക് നഷ്ടപരിഹാരപാക്കേജ്
ദേശീയപാത വികസനത്തിൽ ഒഴിയേണ്ടിവന്നവരുടെ അവസ്ഥ ഉണ്ടാകരുത്
മാതൃകയുണ്ട് മിഠായിതെരുവ്
പൗരാണികത നഷ്ടപ്പെടുത്താതെ നഗരവികസനം സാദ്ധ്യമാക്കാമെന്നതിന് കോഴിക്കോട് മിഠായിതെരുവിന്റെ ഉദാഹരണം പയ്യന്നൂരിലെ വ്യാപാരി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യസമരസ്മൃതി ഉണർത്തുന്ന നിരവധി കെട്ടിടങ്ങളാണ് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.