
കണ്ണൂർ: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഇന്ന് മുതൽ അഞ്ചുവരെ കണ്ണൂരിൽ നടക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ സ്‌കൂളുകളിൽ നിന്നായി 1600 കുട്ടികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒമ്പതിനങ്ങളിലും കേൾവി പരിമിതിയുള്ളവർക്കായി 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് 19 ഇനങ്ങളിലും മത്സരങ്ങൾ നടക്കും. മുനിസിപ്പൽ സ്‌കൂൾ കണ്ണൂർ, തളാപ്പ് മിക്‌സഡ് യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ എട്ട് വേദികൾ ക്രമീകരിച്ചിട്ടുണ്ട്. ഒന്നാം ദിവസം മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കും രണ്ടും മൂന്നും ദിവസങ്ങളിലായി കാഴ്ച, കേൾവി പരിമിതികളുള്ള കുട്ടികൾക്കുമാണ് മത്സരങ്ങൾ.