നീലേശ്വരം: തേങ്ങ ഉല്പാദനം കുറഞ്ഞിട്ടും ആവശ്യമായ വില ലഭിക്കാതെ കേര കർഷകർ. കഴിഞ്ഞ ആഴ്ച പച്ച തേങ്ങക്ക് കിലോവിന് 48 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇന്നലെ കിലോവിന് അത് 38 രൂപയാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം ലഭിച്ചതിനേക്കാൾ 80 ശതമാനം വരെ തേങ്ങ ഉല്പാദനം കുറഞ്ഞിട്ടുണ്ടെന്നും പറയുന്നു. വ്യാപാരികൾ കേര കർഷകർക്ക് ന്യായമായ വില നൽകാതെ വട്ടം കറക്കുകയാണെന്നാണ് പരാതി.

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സെസൈറ്റി കിലോയ്ക്ക് 34 രൂപ നൽകി പച്ച തേങ്ങ സംഭരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടു. നാളിതുവരെ സംഭരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. പൊതു വിപണിയിൽ കഴിഞ്ഞ വർഷം ഒരു കിലോ പച്ച തേങ്ങയ്ക്ക് 22 -24 രൂപയുള്ളപ്പോഴാണ് 34 രൂപ നൽകി കേരഫെഡ് സഹായത്തോടെ സംഭരണം ആരംഭിച്ചത്. തെങ്ങു കർഷകർ തുടക്കത്തിൽ കൃഷിഭവനിൽ തെങ്ങുകളുടെ എണ്ണം കാണിച്ച് അപേക്ഷ നൽകി കൃഷി ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാണ് സംഘങ്ങളിൽ തേങ്ങ വിൽക്കാൻ അനുമതി നൽകിയിരുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം.

പണം കർഷകരുടെ ബാങ്കിലേക്ക് നൽകി വരുന്നു. നീലേശ്വരം പേരോലിൽ ആരാധനാ ഓഡിറ്റോറിയത്തിനടുത്താണ് സംഭരണ കേന്ദ്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പച്ചത്തേങ്ങയുമായി കർഷകർ എത്തിയിരുന്നു. ഇപ്പോൾ മാർക്കറ്റ് വില താങ്ങുവിലയേക്കാൾ ഉയന്നതോടെ കർഷകർ പൊതു മാർക്കറ്റിൽ തന്നെ തേങ്ങ വിൽക്കുന്നുണ്ട്. സെപ്തംബർ അവസാനം 40 രൂപയായിരുന്ന പച്ചത്തേങ്ങ വില വ്യാഴാഴ്ച പൊതു മാർക്കറ്റിൽ 38 രൂപയായി ചുരുങ്ങി. 34 ലോ താഴേക്കോ വില എത്തിയാലെ സംഭരണ കേന്ദ്രങ്ങളിലേക്ക് ഇനി തേങ്ങ എത്തുകയുള്ളു. നീലേശ്വരത്ത് പള്ളിക്കരയിൽ കൺസ്യൂമർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും മലയോരത്ത് മലനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുമാണ് മറ്റ് സംഭരണ കേന്ദ്രങ്ങൾ.

ജില്ലയിലെ ആദ്യ സംഭരണ കേന്ദ്രം

2022 ജൂലായ് 12നാണ് നാവ്‌കോ പച്ചത്തേങ്ങ സംഭരണമാരംഭിച്ചത്. 1500 ഓളം കർഷകരിൽ നിന്ന് 2024 ജൂലായ് വരെ 4,84,982 കിലോ പച്ചത്തേങ്ങ സംഭരിച്ചിട്ടുണ്ട്. പൊതു വിപണിയിൽ നടത്തിയ സർക്കാറിന്റെ ഇടപെടലാണ് തേങ്ങ വില ഉയരാൻ ഒരു കാരണം. ജില്ലയിലെ ആദ്യ സംഭരണ കേന്ദ്രമെന്ന നിലയിൽ ഇപ്പോഴും സംഭരണം തുടരുന്നുണ്ട്. 22 രൂപയുണ്ടായിരുന്ന സമയത്ത് 34 രൂപ നൽകിയാണ് സംഭരിച്ചത്.

അവസാന രണ്ട് മൂന്ന് മാസത്തെ ചെറിയ തുക കർഷകർക്ക് ലഭിക്കാനുണ്ട്. സംഭരണം തുടർന്ന് കൊണ്ടു പോകും. ബാങ്കിന്റെ നിലവിലുള്ള സ്റ്റാഫിനെ വെച്ചു തന്നെയാണ് സംഭരണ കേന്ദ്രവും പ്രവർത്തിക്കുന്നത്.

കെ.പി.രവീന്ദ്രൻ, നാവ് കോ പ്രസിഡന്റ്‌