
കാസർകോട് : വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം, കാസർകോട്, കണ്ണൂർ ജില്ലകളിലെ ദളിത് വിഭാഗമായ മാവിലൻ സമുദായത്തിന്റെ അനുഷ്ഠാന നൃത്തമായ മംഗലംകളി സ്‌കൂൾ യുവജനോത്സവത്തിൽ മത്സരയിനമാകുന്നു.
ഏഴ് വർഷം മുമ്പ് കാസർകോട് ജില്ലാതലത്തിൽ മത്സര ഇനമാക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കാലിച്ചാനടുക്കത്ത് പതിനാറ് സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് മംഗലം കളി മത്സരം സംഘടിപ്പിച്ചിരുന്നു. ഹോസ്ദുർഗ് മുൻ എം.എൽ.എ എം.നാരായണന്റെ മകൻ ഷിംജിത്ത് ബങ്കളം പരിശീലിപ്പിച്ച ബളാൽ സ്‌കൂൾ ടീമിനായിരുന്നു ഒന്നാംസ്ഥാനം.
ഒരുക്കം തുടങ്ങി
മത്സര ഇനമായി ഉൾപ്പെടുത്തിയതോടെ മംഗലംകളി ടീമിനെ ഒരുക്കാൻ സ്‌കൂളുകളിൽ ഒരുക്കം തുടങ്ങിയിട്ടുണ്ട്. 16 പേരാണ് ഒരു ടീമിൽ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പങ്കെടുക്കാവുന്ന തരത്തിലാണ് ടീം. കലോത്സവ അരങ്ങിലേക്ക് തങ്ങളുടെ ഗോത്ര നൃത്തം എത്തുന്നതിൽ മാവിലൻ സമുദായവും ആഹ്ളാദത്തിലാണ്.
കല്യാണപ്പന്തലിലെ കളി
മാവിലർ വിശേഷങ്ങൾക്കും വിവാഹാഘോഷത്തിനും കളിക്കുന്ന കലാരൂപമാണിത്. കാരണവന്മാരുടെയും മൂപ്പന്മാരുടേയും സാന്നിദ്ധ്യത്തിൽ സ്ത്രീ പുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിൽ നൃത്തംവയ്ക്കും. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയിൽ മൃഗത്തോൽ വരിഞ്ഞുണ്ടാക്കിയ ചെറുതും വലുതുമായ ഏഴ് തുടികളാണ് ഉപയോഗിക്കുന്നത്. കല്യാണപ്പന്തലിലെ മദ്ധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് നൃത്തം. ജീവിതദുരിതങ്ങളും ചെറുസന്തോഷങ്ങളും പ്രതീക്ഷകളുമാണ് തുളുവിലും മലയാളത്തിലുമുള്ള പാട്ടിൽ നിറയുന്നത്.
മംഗലംകളി സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയതിൽ 25 വർഷമായി പരിശീലന രംഗത്തുള്ള എന്നെപ്പോലുള്ളവർക്ക് അതിയായ സന്തോഷമുണ്ട്. പരിശീലകരും വിധികർത്താക്കളും മംഗലംകളിയെ അടുത്തറിയുന്ന വടക്കൻ ജില്ലകളിൽ നിന്നുള്ളവർ തന്നെ ആകണം. അല്ലെങ്കിൽ സിനിമാറ്റിക് മംഗലംകളി ആയി മാറും.
ഷിംജിത് ബങ്കളം