
കണ്ണൂർ:സ്വർണ്ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയും പി.ആർ. എജൻസിയും പറയുന്ന വിവരങ്ങൾ സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് ഒരേ കേന്ദ്രത്തിൽ നിന്ന് തയ്യാറാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .സെപ്തംബർ 13ന് ഡൽഹിയിൽ മാദ്ധ്യമങ്ങൾക്ക് നൽകിയ സ്വർണക്കള്ളക്കടത്തിന്റെ കണക്കും 21ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ മൂന്നു കൊല്ലത്തെ കള്ളക്കടത്തിന്റെ കണക്കും 29ന് ഹിന്ദു ദിനപത്രത്തിന് ഇന്റർവ്യൂ നൽകിയപ്പോൾ കൊടുത്ത കുറിപ്പും ഒരു കേന്ദ്രത്തിൽ തയാറാക്കപ്പെട്ടതാണ്.
സ്വർണക്കള്ളക്കടത്തിന് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മുമാണെന്ന് പ്രതിപക്ഷം വളരെ നേരത്തെ തന്നെ ആരോപിച്ചിരുന്നതാണ്. ഇപ്പോൾ ഭരണകക്ഷി എം.എൽ.എയും അതു തന്നെ പറഞ്ഞു.
ഡോ.എം.കെ മുനീർ സ്വർണക്കള്ളക്കടത്തിലെ കണ്ണിയാണെന്ന ആരോപണം ലോകത്ത് ആരെങ്കിലും ഉന്നയിക്കുമോ? .
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കിന്റെ കൃത്യത കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കണക്ക് പുറത്തു വന്നതിന് മാദ്ധ്യമങ്ങൾക്കു നേരെയാണ് ആക്രമണം. സർക്കാർ തയാറാക്കിയ മെമ്മോറാണ്ടത്തിലെ കണക്കിന് ഒരു യുക്തിയുമില്ലെന്നു പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് കോടതിയും ആവർത്തിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ നവകേരള സദസിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കളെ അക്രമിച്ചതിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ നൽകിയിരിക്കുന്നത്. മർദ്ദനം കേരളത്തിലെ മുഴുവൻ ജനങ്ങളും കണ്ടിട്ടും, കണ്ടില്ലെന്നു പറയുന്ന പൊലീസ് അടിമക്കൂട്ടമായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെക്കൊണ്ട് ഈ റിപ്പോർട്ട് കൊടുപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.