പയ്യന്നൂർ: യു.ജി.സി. നാക് പരിശോധനയിൽ പയ്യന്നൂർ കോളേജിന് 'എ പ്ലസ്" ഗ്രേഡ് ലഭിച്ചു. 2018 ലെ " ബി പ്ലസ് " ഗ്രേഡിൽ നിന്നും മൂന്ന് ലെവൽ മെച്ചപ്പെടുത്തിയാണ് കോളേജ് ഈ അഭിമാനാർഹമായ നേട്ടത്തിലേക്ക് കുതിച്ചുയർന്നതെന്ന് കോളേജ് ഭരണ സമിതി പ്രസിഡന്റ് കെ. രാമചന്ദ്രൻ മാസ്റ്റർ, പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, ഐ.ക്യൂ.എ.സി. കോർഡിനേറ്റർ , ഡോ.പി.ആർ. സ്വരൺ തുടങ്ങിയവർ പറഞ്ഞു.

ബീഹാർ സർവ്വകലാശാലകളുടെ മുൻ വൈസ് ചാൻസലർ പ്രൊഫ: പലാന്തേ പണ്ഡിറ്റ്, കൽക്കട്ട ശാന്തി നികേതൻ സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫ: അമൃത് സെൻ, ജമ്മു കാശ്മീരിലെ ബാരാമുള്ള ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ: മുഹമ്മദ് ഫാറൂഖ് റാത്തർ എന്നിവർ അടങ്ങിയ നാക് സംഘം കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് കോളേജിൽ പരിശോധന നടത്തിയത്. കോളേജിന്റെ അക്കാദമിക് മികവുകൾ, അദ്ധ്യാപന രീതി, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ ലഭ്യത, ക്യാമ്പസ് സൗഹൃദ ഇടങ്ങൾ, ലൈബ്രറി, എന്നിങ്ങനെ എല്ലാ മേഖലയിലും സൂക്ഷ്മ തലത്തിൽ പരിശോധന നടത്തി.

രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്ന കോളേജിൽ,14 ബിരുദ കോഴ്‌സുകളും , 5 ബിരുദാനന്തര കോഴ്‌സുകളും , 5 പി എച്ച്‌ ഡി പ്രോഗ്രാമുകളുമാണുള്ളത്. കോളേജിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൈത്താങ്ങ്, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ പരിശോധന സംഘം പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. കോളേജിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബ്, കാന്റീൻ, പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ് എം.പി.യുടെ ഫണ്ടിന്റെ സഹായം കൂടി ഉൾപ്പെടുത്തി നിർമിച്ച ഹൈ-ടെക് സെമിനാർ ഹാൾ, മഴവെള്ള സംഭരണി, സോളാർ പവർ സിസ്റ്റം, തുമ്പൂർമൂഴി മാലിന്യ സംസ്കരണ പദ്ധതി എന്നിവ ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളും വിലയിരുത്തപ്പെട്ടു.