തലശ്ശേരി: സി.പി.എം.പ്രവർത്തകനും, സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയുമായ യുവാവിനെ ബി.ജെ.പി.പ്രവർത്തകർ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഏഴ് പ്രതികൾക്ക് 17വർഷവും 4 മാസവും തടവും 60,500 രൂപ പിഴയും ശിക്ഷ അഡീഷണൽ അസി.സെഷൻസ് ജഡ്ജ് എം. ശ്രുതി വിധിച്ചു.
പാനൂർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായ വള്ളങ്ങാട്ടെ കുന്നു പുറത്ത് ശ്രീജിത്ത് (45) ബൈക്കിൽ വീട്ടിലേക്ക് പോകവെ ,മൊകേരി നടമ്മൽ മുക്കിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. അക്രമത്തിൽ ഇടത് കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008 ഡിസംബർ 30 രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കൊളങ്ങര വീട്ടിൽ സജി എന്ന സജീഷ് (34), വള്ളുവ പറമ്പത്ത് വീട്ടിൽ എരഞ്ഞിക്കേന്റവിട രാജേഷ് (43), എരഞ്ഞിക്കേന്റവിട ജിനേഷ് (48), എം.സി.മോഹനൻ (54), കുഞ്ഞി പറമ്പത്ത് അധീഷ് (38), കൊങ്കച്ചിയിലെ പുഴക്കൽ പറമ്പിൽ ഉദയൻ (35), പ്രസൂൺ നിവാസിൽ കുനിയിൽ ഗിരീശൻ (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പുനത്തിൽ അജീഷിന്റെ പരാതിപ്രകാരമാണ് പൊലീസ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ.സി.പ്രകാശനാണ് ഹാജരായത്. കേസിലെ മറ്റൊരു പ്രതിയായ ആലുള്ള പറമ്പത്ത്ചന്ദ്രൻ മാസ്റ്ററുടെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും.