പഴയങ്ങാടി: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും മാട്ടുൽ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി. നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1.22 കോടി രൂപ ചിലവിലാണ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണം പൂർത്തിയാക്കിയത്. നവകേരള മിഷനിൽ ആർദ്രം ദൗത്യത്തിൽ ഉൾപ്പെടുത്തിയാണ് മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ഇതിന്റെ ഭാഗമായി 38.50 ലക്ഷം രൂപ ചിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. പീയൂഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ആശുപത്രി സൂപ്രണ്ട് പി.ടി. അനി സംസാരിച്ചു.