കണ്ണൂർ: വിളയാങ്കോട് വിരാസ് കോളേജ് ഹരിത കലാലയം. കോളേജിന്റെ വിശാലമായ മുറ്റത്തും കെട്ടിടങ്ങൾക്ക് മുകളിലും പെയ്ത് നിറയുന്ന മഴ വെള്ളം മുഴുവൻ പ്രത്യേക ചാൽ തീർത്ത് ഒരു കിണറ്റിലേക്ക് റീചാർജ്ജ് ചെയ്യുന്നു, മാലിന്യ സംസ്‌കരണത്തിന് മിനി എം.സി.എഫ്, ബോട്ടിൽ ബൂത്ത്, റിംഗ് കമ്പോസ്റ്റ് , ബയോഗ്യാസ്, പ്ലാന്റ് നാപ്കിൻ ഡിസ്‌ട്രോയർ തുടങ്ങിയ ഉപാധികളൊരുക്കിയാണ് ശാസ്ത്രീയ മാലിന്യ സംസ്‌കരണം സ്ഥാപനത്തിൽ സാദ്ധ്യമാക്കിയത്.
സോളാർ പാനലൊരുക്കി പ്രകൃതി ദത്ത വൈദ്യുതിയിലൂടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതും ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ വാദിഹുദ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്ന കോളേജ് ഹരിത കലാലയ പദവിയിലേക്ക് എത്തിയതിന് പിന്നിലുണ്ട്. ഈ മാസം രണ്ടിനാരംഭിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ഹരിതകലാലയ പദവി സമ്മാനിക്കും.
മുൻ ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയാണ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഹരിത കലാലയ പദവി സമ്മാനിക്കുക.ചടങ്ങിൽ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.
മലപ്പട്ടത്ത് ഏഴ് വിദ്യാലയങ്ങൾക്ക്
പദവി
മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ഹരിത കലാലയ പദവി ഏഴിന് സമ്മാനിക്കും. എ.കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കൊളന്ത , കാപ്പാട്ടുകുന്ന്, തലക്കോട് എന്നിവിടങ്ങളിലെ എൽ.പി. സ്‌കൂളുകൾ, പൂക്കണ്ടം ആർ.ജി.എം. യു.പി. സ്‌കൂൾ എന്നീ സ്ഥാപനങ്ങൾക്കാണ് ഹരിത വിദ്യാലയ പദവി ലഭിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് മലപ്പട്ടം
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അസി. കളക്ടർ ഗ്രന്ഥെ സായി കൃഷ്ണ പദവി സമ്മാനിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി അദ്ധ്യക്ഷത വഹിക്കും.