കാഞ്ഞങ്ങാട്: റേഷൻകടകളിലെയും മാവേലി സ്റ്റോറുകളിലെയും പച്ചരി ക്ഷാമത്തിന് പരിഹാരമായില്ല. ആറ് മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ഓണക്കാലത്ത്, മാവേലി സ്റ്റോറുകളിൽ പച്ചരി സ്‌റ്റോക്ക് എത്തിയിരുന്നെങ്കിലും അധികനാൾ തുടർന്നില്ല.
സിവിൽസപ്ലൈസ് അധികൃതർ ഫുഡ് കോർപ്പറേഷനിലേക്ക് വിഹിതത്തിന്റെ പകുതി പച്ചരി അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകാറുണ്ടെങ്കിലും പകുതിയിലും താഴെയാണ് പച്ചരി അനുവദിക്കുന്നത്. ലഭിക്കുന്ന അരിയുടെ തോത് കണക്കാക്കിയാണ് താലൂക്ക് തലത്തിൽ കാർഡുടമകൾക്കുള്ള പച്ചരി വിഹിതം നിശ്ചയിക്കുന്നത്.
സബ്സിഡി സാധനങ്ങൾ മിക്കവയും ഓണത്തിനു ശേഷവും സപ്ലൈകോ ഔട്ട്ലറ്റുകളിൽ ലഭ്യമാണെങ്കിലും പച്ചരി ലഭ്യമല്ല. സപ്ലൈകോ മേഖലാ ഓഫീസുകൾ വഴി പച്ചരി ആവശ്യപ്പെടാറുണ്ടെങ്കിലും കിട്ടാറില്ലെന്ന് ബന്ധപ്പെട്ട ഓഫീസർമാർ പറയുന്നു.
ഒക്‌ടോബർ മാസ വിതരണം
കാസർകോട് താലൂക്കിലെ എ.എ.വൈ. കാർഡുടമകൾക്ക് ലഭിക്കുന്ന 30 കിലോവിൽ 13 കിലോ പച്ചരിവിഹിതം അനുവദിച്ചിട്ടുണ്ട്. ഹൊസ്ദുർഗിൽ ഈ വിഭാഗത്തിന് 10 കിലോയും വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളിൽ അഞ്ച്കിലോയുമാണ് പച്ചരി ലഭിക്കുക. മറ്റ് മുൻഗണന വിഭാഗങ്ങൾക്ക് രണ്ടുകിലോയിൽ താഴേയാണ് പച്ചരി വിഹിതം. എ.പി.എൽ. വിഭാഗത്തിന് ലഭിക്കുന്നതിനുള്ള രണ്ടുകിലോയും പുഴുക്കലരിയായിരിക്കും. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസർകോട് ജില്ലയിൽ പച്ചരിക്ക് ആവശ്യക്കാർ കൂടുതലാണ്.