
മടിക്കൈ: ശ്രീജിന ജ്യോതിഷെന്ന ചാളക്കടവ് ഉണ്ണ്യംവെളിച്ചം സ്വദേശിനിയായ നാൽപതുകാരിയ്ക്ക് വീടുകൾ തോറും പ്ലാസ്റ്റിക് ശേഖരിക്കുന്ന ജോലിയാണ്.ഹരിതകർമ്മസേനാംഗം എന്ന ജോലിയെക്കാൾ നാലുപേർ അറിയുന്നത് പക്ഷെ കവയിത്രി എന്ന നിലയിലാണ്. ഈ വർഷത്തെ കാഞ്ഞങ്ങാട് തുളുനാട് മാസികയുടെ യുവകവയിത്രി പുരസ്കാരജേതാവ്. സ്വന്തം കവിതകളുടെ ഒരു സമാഹാരം എന്ന മോഹവുമായി കഴിയുകയാണ് ഇവർ.
സാമൂഹിക പ്രശ്നങ്ങളും സ്ത്രീ ജീവിതവും വിഷയീഭവിക്കുന്ന നാൽപതോളം കവിതകൾ ശ്രീജിന എഴുതിയിട്ടുണ്ട്. ഈ കവിതകൾക്കാണ് തുളുനാട് മാസികയുടെ 19ാമത് അഖില കേരള കുർമ്മൽ എഴുത്തച്ഛൻ സ്മാരക അവാർഡ് ലഭിച്ചത്. പ്ളാസ്റ്റിക് ശേഖരണവും വീട്ടിലെ ജോലിയും കഴിഞ്ഞുള്ള ഇടവേളകളിലാണ് എഴുത്ത്. തബലിസ്റ്റും പെയിന്റിംഗ് തൊഴിലാളിയുമായ ജ്യോതിഷ്, പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ വിഷ്ണുപ്രിയയും പ്രോത്സാഹനവുമായി പിന്നിലുണ്ട്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശ്രീജിന മാതാപിതാക്കളുടെ മരണത്തെ തുടർന്നാണ് മടിക്കൈ കൂലോം റോഡിലെ പിതൃസഹോദരന്റെ വീട്ടിലെത്തുന്നത്. പിന്നീട് ചാളക്കടവിലെ ജ്യോതിഷുമായുള്ള വിവാഹത്തെ തുടന്ന് ഉണ്യംവെളിച്ചത്ത് താമസമായി. അന്തരിച്ച ത്യാഗരാജൻ ചാളക്കടവ് അടക്കമുള്ള പ്രദേശത്തെ എഴുത്തുകാരുടെ പ്രോത്സാഹത്തിലായിരുന്നു എഴുത്തിലേക്ക് തിരിഞ്ഞത്.
തബലിസ്റ്റായ ഭർത്താവ് ശ്രീജിനയുടെ പല കവിതകൾക്കും സംഗീതം നൽകിയിട്ടുണ്ട്. അവാർഡ് ലഭിച്ചതോടെ ഹരിത കർമ്മ സേനാംഗങ്ങൾക്കിടയിൽ താരമായിരിക്കുകയാണ് ശ്രീജിന. ടി.എസ്.തിരുമുമ്പ് വായനശാല പ്രവർത്തകരായ സി മോഹനൻ, സാംസ്‌കാരിക പ്രവർത്തകനായ എൻ.വി.കുഞ്ഞികൃഷ്ണൻ എന്നിവർ തനിക്ക് വലിയ പിന്തുണയും നൽകുന്നുണ്ടെന്ന് ശ്രീജിന പറഞ്ഞു.