
പയ്യന്നൂർ: ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുന്ന നാഷണൽ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ബി പ്ലസ് ഗ്രേഡ് ലഭിച്ചു. നാക് മൂന്നംഗ വിദഗ്ദ്ധസംഘം സന്ദർശിച്ച് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്രിൻസിപ്പൽ, മാനേജ്മെന്റ് പ്രതിനിധികൾ, അദ്ധ്യാപക-അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ നാക് സംഘം വിദ്യാർത്ഥികളുടെ പാഠ്യ - പാഠ്യേതര നേട്ടങ്ങൾ, അദ്ധ്യാപന മികവ്, കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ, ലാബുകൾ, വർൿഷോപ്പുകൾ, ലൈബ്രറി, ഹോസ്റ്റലുകൾ, കോളേജ് നടത്തിപ്പിലെ മികവ് തുടങ്ങിയവ വിലയിരുത്തിയുമാണ് ബി പ്ലസ് ഗ്രേഡ് നിശ്ചയിച്ചത്.
മലബാറിലെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുക, സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ചെലവിൽ മികച്ച എൻജിനീയറിംഗ് പഠനം സാദ്ധ്യമാക്കുക എന്നീ ലക്ഷ്യത്തോടെ കണ്ണൂർ തളാപ്പ് ശ്രീഭക്തിസംവർദ്ധിനി യോഗത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂർ കോറോത്ത് 2003ലാണ് കോളേജ് ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഗുരുദർശൻ സ്കോളർഷിപ്പ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ശ്രീ ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രൻ, സെക്രട്ടറി കെ.പി.വിനോദ്കുമാർ എന്നിവരടങ്ങിയ ഡയറക്ടർമാരുടെ ഒമ്പതംഗ ഭരണസമിതിയാണ് കോളേജിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഡോ: എ.വി. ലീനയാണ് പ്രിൻസിപ്പൽ.വാർത്താസമ്മേളനത്തിൽ ടി.കെ.രാജേന്ദ്രൻ, എം.സുനിൽകുമാർ, പി.സി അശോകൻ, പി.പി.സജയ്, ഡോ.എ.വി. ലീന , പ്രൊഫ.ജേരി സോണിയ ജോർജ്, ഡോ.സുധിൻ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
ആറ് എൻജിനീയറിംഗ് ബ്രാഞ്ചുകൾ
സിവിൽ, മെക്കാനിക്കൽ , ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ , കംമ്പ്യൂട്ടർ സയൻസ് ,ഈ വർഷം ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡാറ്റ സയൻസ് ഉൾപ്പെടെ ആറ് ബി.ടെക്.എൻജിനീയറിംഗ് ബ്രാഞ്ചുകൾ കോളേജിലുണ്ട് പ്രവർത്തിക്കുന്നുണ്ട്. സിവിൽ എൻജിനീയറിംഗിൽ പി.ജി. കോഴ്സും നിലവിലുണ്ട്. ഇതിനോടകം 17 ബി.ടെക്. ബാച്ചുകളും, 10 എം.ടെക് ബാച്ചുകളും പൂർത്തിയാക്കിയിട്ടുണ്ട്.
നാഴികകല്ലുകൾ
മാനവവിഭവശേഷി വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിൽ
കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള ഇന്നോവേഷൻ ആന്റ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ
ഡിപാർട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സിന് കീഴിൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ക്ളബ്
ബിസിനസ് ഇൻകുബേറ്ററായി പ്രവർത്തിക്കുന്നതിനുള്ള ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണികൾക്ക് അനുയോജ്യമായ ആധുനീക കോഴ്സുകൾ വരും വർഷങ്ങളിൽ കോളേജിൽ ആരംഭിക്കും. കേരള സർക്കാരിന്റെ ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്ക് തുടങ്ങുന്നതിനുള്ള നടപടികളും തുടങ്ങിയയിട്ടുണ്ട്.കാമ്പസിൽ ഇൻകുബേഷൻ സെന്റർ സ്ഥാപിച്ച് സംരഭകരെ വളർത്തുന്നതിനും, മികച്ച വ്യവസായ പരിശീലനം നല്കുന്നതിനുമായി കണ്ണൂർ ചേംബർ ഓഫ് കോമേഴ്സും കോളേജും തമ്മിൽ ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്- പ്രിൻസിപ്പൽ എ.വി. ലീന