
ചികിത്സാരംഗത്ത് ഏറെ പിന്നാക്കമായിപ്പോയ കണ്ണൂർ ,കാസർകോട് ജില്ലകളുടെ ദുരവസ്ഥയ്ക്ക് പരിഹാരമായാണ്
സഹകരണമേഖലയിൽ പരിയാരത്ത് മെഡിക്കൽ കോളേജ് ആരംഭിച്ചത്. കുതിച്ചും കിതച്ചുമുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഹൃദ്രോഗ ചികിത്സയിൽ തെക്കെ ഇന്ത്യയിൽ തന്നെ ഏറെ പ്രശസ്തിയാർജ്ജിച്ച സ്ഥാപനമെന്ന നിലയിലേക്ക് ഒരു ഘട്ടത്തിൽ മെഡിക്കൽ കോളേജ് വളർന്നു.എന്നാൽ സർക്കാർ ഏറ്റെടുത്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിക്കപ്പെട്ടതിന് ശേഷം ഒട്ടും ശുഭമല്ല കാര്യങ്ങൾ. സ്പെഷ്യാലിറ്റി സേവനങ്ങൾ ഒന്നൊന്നായി മുടങ്ങുകയും അസൗകര്യങ്ങളിൽ നട്ടംതിരിയുകയും ചെയ്യുന്ന മെഡിക്കൽ കോളേജിന്റെ അവസ്ഥ ഒട്ടും ശുഭകരമല്ല ഇപ്പോൾ. സർക്കാർ ഏറ്റെടുത്തിട്ടും വലിയൊരു വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.സമസ്ത മേഖലയിലും ഗ്രാഫ് താഴേക്ക് പോകുന്ന അവസ്ഥയിൽ രോഗികൾക്കും പതിയെ വിശ്വാസം നഷ്ടമാകുന്ന അവസ്ഥ. അത്യുത്തരകേരളത്തിന്റെ കാവൽമാലാഖയായി നിന്ന പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയിലേക്ക് വെളിച്ചംവീശുന്ന പരമ്പര കേരളകൗമുദിയിൽ ഇന്നുമുതൽ.
പരിയാരം: 119 ഏക്കറിൽ ആയിരം കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, നൂറ് എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജ്, കൂടാതെ ദന്തൽ, നേഴ്‌സിംഗ് പാരാമെഡിക്കൽ കോളേജുകളും നേഴ്‌സിംഗ് സ്ക്കൂളും പബ്ലിക്ക് സ്ക്കൂളും 2500 ജീവനക്കാരും അടങ്ങിയ ടൗൺഷിപ്പ്. 1993 മാർച്ചിൽ 31ന് പരിയാരം സഹകരണ മെഡിക്കൽ കോളേജ് ആരംഭിക്കുമ്പോൾ ആശുപത്രിയുടെ സ്ഥാപകനും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന എം.വി.രാഘവൻ നാടിന് മുന്നിൽ വച്ച വാഗ്ദാനങ്ങളായിരുന്നു ഇവ.
എട്ട് നിലകളിലായി നിർമ്മിക്കപ്പെടുന്ന ആശുപത്രിയുടെ മുകൾ നിലയിൽ ഹെലിപാഡ് വരെ വിഭാവനം ചെയ്തിരുന്നു. അത്യാഹിതത്തിൽ പെടുന്ന രോഗികളേയും, അത്തരക്കാരെ ചികിത്സിക്കാനായി രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ഹെലികോപ്ടറിൽ വിദഗ്ദ്ധരായ ഡോക്ടർമാരെയും എത്തിക്കാനാണ് ഹെലിപാഡ് നിർമ്മിച്ചത്.
അല്പം പിറകോട്ട് പോകാം
1944ൽ മദ്രാസ് പ്രസിഡൻസി മലബാറിലെ ഏക ക്ഷയരോഗ സാനിട്ടോറിയത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തത് അറബിക്കടലിൽ നിന്നും എത്തുന്ന ഉപ്പുകാറ്റ് തങ്ങിനിൽക്കുന്ന സ്ഥലമെന്ന നിലയിലാണ്. ഭൂമിശാസ്ത്രപരമായി പകർച്ചവ്യാധിയെ പോലും തടഞ്ഞുനിർത്താൻ സാധിക്കുന്ന സ്ഥലമെന്ന് മദ്രാസ് പ്രസിഡൻസിയുടെ ആരോഗ്യ വിഭാഗം തലവൻ ഡോ.എ.പെരിയസ്വാമിയും ഈറോഡ് ക്ഷയരോഗ സാനിട്ടോറിയം സുപ്രണ്ട് ഡോ.എം.ആറുമുഖവും വിലയിരുത്തിയതോടെയാണ് ഇവിടെ ആശുപത്രിക്ക് പച്ചക്കൊടി കാട്ടിയത്. കോൺഗ്രസ് നേതാവ് സാമുവൽ ആറോൺ 350 ഏക്കർ സ്ഥലം സൗജന്യമായി നൽകി. 1953ൽ അന്നത്തെ മദ്രാസ് മുഖ്യമന്ത്രി സി രാജഗോപാലാചാരി ഉദ്ഘാടനം ചെയ്ത ടി.ബി. സാനിട്ടോറിയം.
നാട് കൈനീട്ടി സ്വീകരിച്ചു
ടി.ബി സാനിറ്റോറിയത്തിന് ആരോൺ നൽകിയ 350 ഏക്കർ ഭൂമിയിൽ 119 ഏക്കറാണ് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളായിരുന്നു ഉത്തരകേരളത്തിന് അന്ന് ഏക ആശ്രയം. കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയപ്രശ്നങ്ങൾക്കിടയിലും എം.വി.രാഘവൻ സ്ഥാപിച്ച മെഡിക്കൽ കോളേജിനെ ആളുകൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. പരിയാരം മെഡിക്കൽ കോളേജ് എന്ന ഈ സ്ഥാപനം എം.വി.രാഘവൻ എന്ന കാന്തദർശിയുടെ സങ്കൽപ്പത്തിനൊത്ത് തന്നെ വളർന്നു. 2003 ബെംഗളൂരു നാരായണ ഹൃദയാലയയോട് ചേർന്ന് പരിയാരത്ത് സഹകരണ ഹൃദയാലയ എന്ന പേരിൽ സൂപ്പർസ്പെഷ്യാലിറ്റി ഹാർട്ട് ആശുപ്രതി കൂടി ആരംഭിച്ചതോടെ മെഡിക്കൽ കോളേജ് പ്രശസ്‌തമായി. ചുരുങ്ങിയ ചെലവിൽ ഹൃദ്രോഗ ചികിൽസ തൊട്ടടുത്ത് കിട്ടിത്തുടങ്ങിയതോടെ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും രോഗികളുടെ പ്രവാഹം തന്നെ ഇവിടേക്കുണ്ടായി. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം എല്ലാ വിഭാഗത്തിലും ലഭിച്ചു. മംഗളൂരുവിലേക്കുള്ള രോഗികളുടെ ഒഴുക്ക് കുറഞ്ഞു. പക്ഷെ ഇന്ന് സ്ഥിതി കീഴ്മേൽ മറിഞ്ഞു.ഹൃദ്രോഗികൾക്കുള്ള ബൈപാസ്സ് ശസ്ത്രക്രിയ അടക്കമുള്ള സങ്കീർണമായ ചികിത്സാരീതികൾ ഒഴിവാക്കിയും കാത്ത് ലാബുകൾ അടച്ചിട്ടും സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നിഷേധിച്ചും എല്ലാം കീഴ്മേൽ മറിയുന്ന സാഹചര്യമാണിപ്പോൾ. മെഡിക്കൽ കോളേജ് ആശുപത്രി നിലവിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് നാളെ.
തുടരും
കണ്ണൂർ മെഡിക്കൽ കോളേജ് നാൾവഴികൾ
1944- മദ്രാസ് പ്രസിഡൻസി മലബാറിലെ ഏക ക്ഷയരോഗ സാനിട്ടോറിയത്തിനായി സ്ഥലം ഏറ്റെടുത്തു
1953- അന്നത്തെ മദ്രാസ് മുഖ്യമന്ത്രി സി രാജഗോപാലാചാരി ടി.ബി.സാനിറ്റോറിയം ഉദ്ഘാടനം ചെയ്തു
1993 മാർച്ചിൽ 31ന് ടി.ബി സാനിറ്റോറിയത്തിന്റെ സ്ഥലത്തിൽ നിന്നും ലഭിച്ച 119 ഏക്കറിൽ സഹ.മെഡിക്കൽ കോളേജ് സ്ഥാപിച്ചു
2003 ബെംഗളൂരു നാരായണ ഹൃദയാലയയുമായി സഹകരിച്ച് സൂപ്പർസ്പെഷ്യാലിറ്റി ഹാർട്ട് ആശുപ്രതി ആരംഭിച്ചു
2019 സർക്കാർ ഏറ്റെടുത്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് എന്ന പേരിലേക്ക് മാറി