naboo
ചുരം രഹിത പാതയ്ക്കായി കൊട്ടിയൂരിൽ നടന്ന ആലോചനാ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു

കൊട്ടിയൂർ: കൊട്ടിയൂർ- അമ്പായത്തോട് -തലപ്പുഴ 44ാം മൈൽ ചുരം രഹിത പാത പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക, യുവജന സംഘടനാ പ്രതിനിധികൾ, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആലോചനാ യോഗം സംഘടിപ്പിച്ചു. കൊട്ടിയൂരിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരൻ, കെ.എൻ.സുനീന്ദ്രൻ,
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷാജി പൊട്ടയിൽ, ജീജ, ഉഷ അശോക് കുമാർ, മറ്റ് പഞ്ചായത്തംഗങ്ങൾ, പി.തങ്കപ്പൻ സംസാരിച്ചു.

വയനാട്, കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാനന്തവാടി -നെടുംപൊയിൽ റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിൽ നിലവിൽ ഇരു ജില്ലകളും അശ്രയിക്കുന്നത് അമ്പായത്തോട് ബോയ്സ് ടൗൺ പാതയാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് നിമിത്തം വളരെയധികം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
ഭൂമിയുടെ ഘടനയും വനംവകുപ്പിന്റെ അനുമതിയും പരിഗണിക്കുമ്പോൾ പാൽച്ചുരം പാതയ്ക്ക് വികസന സാദ്ധ്യതയും കുറവാണ്. ഇക്കാരണത്താലാണ് നിർദ്ദിഷ്ട മട്ടന്നൂർ- മാനന്തവാടി- വിമാനത്താവളം റോഡ് അമ്പായത്തോട് വരെ നാലുവരിപ്പാതയും തുടർന്ന് മാനന്തവാടി വരെ രണ്ട് വരിപ്പാതയിലും നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ആലോചന യോഗം നടത്തിയത്. മറ്റ് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കാൻ യോഗത്തിൽ തീരുമാനിച്ചു. തുടർ നടപടികൾ വേഗത്തിലാക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. കേന്ദ്ര ,സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരെ സർവ്വകക്ഷി സംഘം നേരിൽ കണ്ട് നിവേദനം നൽകും.

ചുരം ഇല്ലാത്തതിനാൽ നിർമ്മാണച്ചെലവ് കുറയും. കൊടും വളവുകളും വലിയ കയറ്റങ്ങളും ഇല്ലാത്തതിനാൽ യാത്ര സമയത്തിലും കാര്യമായ കുറവുണ്ടാകുന്നതും നിർഭയമായി സഞ്ചരിക്കാവുന്നതുമാകും.

8.35 കിലോമീറ്ററാണ് ഇരു ജില്ലകളിലായി വരുന്ന റോഡിന്റെ നീളം. 1.3 കിലോമീറ്റർ വനഭൂമിയാണ്. 3.45 കിലോമീറ്റർ കണ്ണൂർ ജില്ലയിലും 3.6 കിലോമീറ്റർ വയനാട് ജില്ലയിലുമാണ്.

നാല് പതിറ്റാണ്ട് മുൻപ് കൊട്ടിയൂർ പഞ്ചായത്തിന് റോഡ് നിർമ്മിക്കാനുള്ള സ്ഥലം വനം വകുപ്പ് വിട്ടുനൽകിയിരുന്നു. എട്ട് മീറ്റർ വീതിയിൽ റോഡ് നിർമിക്കുകയും ചെയ്തു. പിന്നീട് വനം വകുപ്പ് ഇതുവഴിയുള്ള ഗതാഗതം തടയുകയായിരുന്നു

ആം ആദ്മി ഉപവാസ സമരം

അമ്പായത്തോട് -തലപ്പുഴ -44ാം മൈൽ റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ആം ആദ്മി പാർട്ടി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ അമ്പായത്തോട് ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് ജനകീയ ഉപവാസ സമരം നടത്തുക.

ചുരം രഹിത പാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ പാതയുടെ ആവശ്യകത ബന്ധപ്പെട്ടവരെ ബോദ്ധ്യപ്പെടുത്താനും പാത യാഥാർത്ഥ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

റോയ് നമ്പുടാകം, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്