malinyam

കണ്ണൂർ: മാലിന്യമുക്തമെന്ന ലക്ഷ്യം കൈവരിക്കാനൊരുങ്ങി കണ്ണൂർ.രണ്ട് മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 31വരെയുള്ള ആറുമാസത്തിനുള്ളിൽ മാലിന്യമുക്തമെന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിർവ്വാഹകസമിതികൾ രൂപീകരിച്ചു.മാലിന്യ സംസ്കരണമേഖലയിലെ വിവിധ പ്രവർത്തനങ്ങളുടെ വ്യത്യസ്ത മാതൃകകൾ തീർത്ത് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാവാനുള്ള പദ്ധതികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തന്നെ തുടക്കം കുറിക്കണമെന്ന് സംസ്ഥാന സർക്കാർ കർശനനിർദേശം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തനങ്ങളിലുണ്ട്. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണത്തോടൊപ്പം സൗന്ദര്യവത്കരണ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ഏതാണെന്ന് തദ്ദേശ നിർവ്വഹണ സമിതികൾ യോഗം ചേർന്ന് തീരുമാനിക്കും.

പ്രവർത്തനം ഇങ്ങനെ

ഓരോ പ്രദേശത്തും ജൈവ അജൈവ, ദ്രവ മാലിന്യങ്ങളും പ്രത്യേകമാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സംവിധാനം

ബഹുജന ഇടപെടലിലൂടെ സമ്പൂർണ മാലിന്യ പരിപാലനം

ജില്ലയിലെ സർക്കാർ കാര്യാലയങ്ങൾ, വിദ്യാലയങ്ങൾ, കോളജുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ ഹരിത സ്ഥാപനങ്ങളാക്കും

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയ്ക്കും ഹരിതപദവി.

ആകെ അയൽക്കൂട്ടങ്ങൾ 20003

ഒന്നാംഘട്ടത്തിൽ ഹരിതപദവി 2001

ലക്ഷ്യം സമ്പൂർണ്ണ മാലിന്യമുക്തം
എല്ലാ പട്ടണങ്ങളെയും ശുചിത്വവും സുന്ദരവുമാക്കുന്നതിന് വ്യാപാരികളുടെ സഹായം തേടും

 ചടങ്ങുകളും ആഘോഷങ്ങളും സമ്മേളനങ്ങളും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാത്രം

ജില്ലയിലെ എല്ലാ കോളജുകളിലും ഗ്രീൻ ബ്രിഗേഡ് ഗ്രൂപ്പുകൾ

സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകൾ ഹരിത ജയിലുകളാക്കും