
പരിഹാരം തേടി പരിയാരം പരമ്പര ഭാഗം രണ്ട്
മെഡിക്കൽ കോളേജ് ഇരുപത്തിയഞ്ച് വർഷത്തിലെത്തിയപ്പോൾ ഉണ്ടായിരുന്ന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഓരോന്നായി ഇല്ലാതാകുന്ന കാഴ്ചയാണ് പരിയാരത്ത്. പഴയ ഉപകരണങ്ങളിൽ മിക്കതും കാലഹരണപ്പെട്ട് മൂലയിലായി. ഇവയ്ക്ക് പകരം എത്തിച്ചതുമില്ല. കാൻസർ ചികിത്സയുടെ ഭാഗമായ കോബാൾട്ട് തെറാപ്പിയ്ക്കുള്ള മെഷീൻ നാലുവർഷം മുമ്പാണ് കേടായത്.
(റേഡിയോ ഐസോടോപ്പ് കോബാൾട്ട് 60ൽ നിന്നുള്ള ഗാമാ കിരണങ്ങൾ വൈദ്യശാസ്ത്രപരമായി ഉപയോഗിക്കുന്ന തെറാപ്പി)
അറ്റകുറ്റപ്പണി നടത്താൻ ഒന്നരകോടിയോളമാണ് ചിലവിടേണ്ടത്. പുതിയ മെഷീൻ വാങ്ങുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ ഫയൽ ഇപ്പോഴും മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസിൽ കിടക്കുകയാണ്. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിലവിൽ രണ്ട് കോബാൾട്ട് മെഷീനും രണ്ട് ലിനാക്ക് മെഷീനും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ആധുനികമായ റേഡിയേഷൻ സംവിധാനങ്ങളുള്ള ലിനാക്ക് മെഷീൻ പരിയാരത്തിന് അനുവദിച്ചിട്ടേയില്ല.കാൻസറിന്റെ ദുരിതവുമായി റേഡിയേഷൻ നടത്താൻ മംഗളൂരുവിലേക്കും മറ്റും പറഞ്ഞുവിടുകയാണ് ആശുപത്രി അധികൃതർ.
സർക്കാർ മെഡിക്കൽ കോളജായിട്ടും ഇവിടെ എം.ആർ.ഐ സ്‌കാനിംഗ് വിഭാഗം ഇപ്പോഴും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ ആശുപത്രികളിലെ നിരക്ക് തന്നെ നൽകണം. ആശുപ്രതി വികസന സൊസൈറ്റിക്കു ലഭിക്കേണ്ട തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. സ്വന്തം നിലയിൽ സ്‌കാനിംഗ് യന്ത്രം സ്ഥാപിച്ച് സർക്കാർ നിരക്ക് ഈടാക്കിയാൽ ആശുപത്രിക്കു കോടിക്കണക്കിന് വരുമാനം ലഭിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.
രാഷ്ട്രീയപോർമുഖം തുറന്ന ഉദ്ഘാടനം
പരിയാരം മെഡിക്കൽകോളേജിന്റെ ഉദ്ഘാടനം തന്നെ രാഷ്ട്രീയമായ പോർമുഖം തുറന്നുകൊണ്ടായിരുന്നു. 1994 ൽ അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി എ.ആർ.ആന്തുലെയാണ് മെഡിക്കൽ കോളേജിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. കണ്ണൂർ മുതൽ പരിയാരം വരെ സി.പി.എം റോഡ് ഉപരോധിച്ചതിനാൽ ആന്തുലെ അന്ന് സ്ഥലത്തെത്തിയത് ഹെലികോപ്റിൽ .പ്രത്യേകം ഹെലിപ്പാഡും ഇതിനായി നിർമ്മിച്ചിരുന്നു. സമര വേലിയേറ്റങ്ങൾക്കിടയിലാണ് മെഡിക്കൽ കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്.
1996 ൽ ഇ.കെ.നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിലെ സഹകരണ മന്ത്രിയായ പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്ത് 1997ൽ മെഡിക്കൽ കോളേജിനെ സഹകരണ വകുപ്പിന് കീഴിലാക്കി. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാനായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയും പഴയങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രവും മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി. 1999 മാർച്ച് നാലിനാണ് ഇന്നത്തെ മെഡിക്കൽ കോളേജ് കെട്ടിടം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്തത്. 2001 ൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ വന്ന യു.ഡി.എഫ് സർക്കാറിലെ സഹകരണമന്ത്രിയായി എം.വി.രാഘവൻ എത്തിയതോടെ മെഡിക്കൽ കോളേജിൽ വീണ്ടും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വന്നു. 2007 ൽ അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ.ഗോവിന്ദന്റെ നേതൃത്വത്തിൽ സി.പി.എം മെഡിക്കൽ കോളേജ് ഭരണം പിടിച്ചു. സി.പി.എം തിരഞ്ഞെടുപ്പ് അട്ടിമറി നടത്തിയെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം.ടി.കെ. ഗോവിന്ദൻ സ്ഥാനം ഒഴിഞ്ഞ് 2012ൽ എം.വി.ജയരാജൻ ചെയർമാനായി . 2016 ൽ ജയരാജൻ രാജിവെച്ചു. പിന്നീട് 2018 ഏപ്രിൽ 27ന് മെഡിക്കൽ കോളേജ് പൂർണമായി സർക്കാർ ഏറ്റെടുക്കുന്നതുവരെ റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥൻ ശേഖരൻ മിനിയോടനായിരുന്നു ചെയർമാൻ.
മെഡിക്കൽ കോളേജ് അന്ന്
8 നില കെട്ടിടം
20 സ്പെഷ്യാലിറ്റി വിഭാഗം
8 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം
18 അത്യാധൂനിക ഓപ്പറേഷൻ തീയേറ്റർ
ഏറ്റെടുക്കലിലോടെ ഹൃദ്രോഗവിഭാഗം മാത്രമായി ചുരുങ്ങിയ സഹകരണ ഹൃദയാലയയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നാളെ.