stamp

ഇന്ന് ലോക തപാൽദിനം


കണ്ണൂർ: കഴിഞ്ഞ ആഗസ്റ്റ് 20ന് ശ്രീലങ്ക പുറത്തിറക്കിയ 205 മില്ലി മീറ്റർ നീളവും 30 മി.മീ വീതിയുമുള്ള സ്റ്റാമ്പുകളിലെ വമ്പനെയും ശേഖരത്തിലെത്തിച്ച് ആലക്കോട് സ്വദേശി നോബി കുര്യാലപ്പുഴ.വിപുലമായ സ്റ്റാമ്പ് ശേഖരം സ്വന്തമായുള്ള നോബിയുടെ കൈയിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ഇത് എത്തപ്പെട്ടത്.
ശ്രീ ബുദ്ധന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ സ്റ്റാമ്പ് പുറത്തിറക്കിയത്. കവറും ഒന്നിച്ച് പ്രിന്റ് ചെയ്ത മൂന്നു ലക്ഷം സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. കർഷകനായ നോബി സ്‌കൂളിൽ പഠിക്കുന്ന സമയം മുതൽ സ്റ്റാമ്പ് നാണയ ശേഖരണത്തിൽ സജീവമാണ്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ ദേശീയ പതാകയുടെ സ്റ്റാമ്പും രണ്ടാമത് ഇറങ്ങിയ സ്റ്റാമ്പുകളും അടക്കം വിപുലമായ ശേഖരമാണ് നോബിയുടെ കൈവശമുണ്ട്. ഇവയ്ക്ക് പുറമെ രാജ്യങ്ങളുടെ അത്യപൂർവമായ ഒട്ടേറെ സ്റ്റാമ്പുകളും കറൻസികളും നോബി ശേഖരിച്ചിട്ടുണ്ട്.ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെന്നി ബ്ലാക്കിന്റെ സ്മരണയ്ക്കായി പുറത്തിറക്കിയ 150 നാണയങ്ങളും നോബി സൂക്ഷിച്ചുവരുന്നു.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറായ ഭാര്യ റെനി സ്‌കറിയയും മക്കളായ ക്രിസ്റ്റൽ, നെൽബിൻ എന്നിവരും പിതാവിന്റെ ഹോബിക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. വിവിധ സ്ഥലങ്ങളിൽ നോബി സ്റ്റാമ്പ് നാണയ പ്രദർശനങ്ങൾ സംഘടിപ്പിച്ചുണ്ട്.

ഇന്ത്യയിലെ ആദ്യസ്റ്റാമ്പ് 1947 നവംബർ 21ന്

ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ആഗസ്റ്റ് 15 മുതൽ നവംബർ 20 വരെ രാജ്യത്തിനു തപാൽ സ്റ്റാമ്പുകൾ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് സ്റ്റാമ്പുകൾക്കു വിലയില്ലാതായതാണു കാരണം. ജയ് ഹിന്ദ് എന്ന മുദ്ര രേഖപ്പെടുത്തിയാണ് അക്കാലത്തു കത്തുകൾ അയച്ചിരുന്നത്.പിന്നീട്, 1947 നവംബർ 21ന് ദേശീയ പതാകയുടെ വർണ ചിത്രമുള്ള ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി. ഇതോടൊപ്പം അശോകസ്തംഭത്തിന്റെ ചിത്രമുള്ളതും ഡഗ്ലസ് ഡിസി 4 എന്ന വിമാനത്തിന്റെ ചിത്രം രേഖപ്പെടുത്തിയതുമായ 2 സ്റ്റാമ്പുകളും ഇറക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഇവ ഡിസംബർ 15നാണ് പുറത്തിറങ്ങിയത്. ദേശീയ പതാകയുടെ ചിത്രമുള്ള സ്റ്റാമ്പിന് 3.5 അണയായിരുന്നു വില. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയത് 1852 ൽ ആണ്.