പാനൂർ: നവോത്ഥാനാചാര്യൻ വാഗ്ഭടാനന്ദ ഗുരുവിനെയും, ഗുരുവിന്റെ കാഴ്ചപ്പാടുകളെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആത്മവിദ്യാസംഘത്തിന്റെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. കാലിക്കറ്റ് സർവകലാശാല നാലു വർഷ ബി.കോം ബിരുദകോഴ്സിന് പഠിക്കാനുള്ള മലയാള സാഹിത്യ വിചാരം എന്ന പാഠപുസ്തകത്തിലുള്ള ജീവിതാഖ്യാനത്തിൽ പന്ന്യന്നൂർ ഭാസി രചിച്ച 'വാഗ്ഭടാനന്ദ ഗുരു സഹകാരിയും നവോത്ഥാന നായകനും ' എന്ന പുസ്തകത്തിലെ സഹകാരിയായി പ്രവേശം, സഹകരണ പ്രസ്ഥാനത്തിന്റെ പ്രാദുർഭാവം തൊഴിലാളികൾക്കിടയിൽ നിന്ന് എന്ന ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നു.

വാഗ്ഭടാനന്ദ ഗുരു തന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന അധ:കൃത വിഭാഗമായ കൂലിപ്പണിക്കാരെയും കർഷക ജനതയെയും സഹകരണ പ്രസ്ഥാനത്തിന്റെ രാജപാതയിലേക്കാനയിച്ച ചരിത്രത്തിലെ സത്യം വ്യക്തമാക്കുന്ന ഭാഗമാണിത് .

വാഗ്ഭടാനന്ദൻ മുകൈയെടുത്ത് 1917 ൽ ആരംഭിച്ച കോഴിക്കോട് ജില്ലയിലെ ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘമാണ് പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയായി കേരളീയർക്കും ഇന്ത്യക്കാകെയും അഭിമാനമായി മാറിയത്. 1922 ൽ കാരക്കാട് വിവിധോദ്ദേശ ഐക്യനാണയ സംഘം എന്ന മറ്റൊരു വായ്പാ സഹകരണ സംഘത്തിനും ഗുരു ആരംഭം കുറിച്ചു. അക്കാലത്ത് സംസ്ഥാന സർക്കാർ അംഗീകരിച്ച് നടപ്പിലാക്കിയ യാതൊരു സഹകരണ നിയമവും ഉണ്ടായിരുന്നില്ല. 1904ൽ കേന്ദ്ര സർക്കാർ പാസാക്കിയ ഒരു സഹകരണ നിയമം മാത്രമാണുള്ളത്.

വാഗ്ഭടാനന്ദ ദർശനങ്ങളിൽ ആകൃഷ്ടരായി പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തി സാധാരണ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റി നിർത്തിയതും, അവരുടെ തൊഴിൽ നഷ്ടപ്പെട്ടതും ഗുരുവിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിഹാരമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് ന്യായമായ വേതനത്തിൽ ജോലി ലഭിക്കാനും സാമ്പത്തിക പരാധീനതയുള്ളവരെ ഹുണ്ടികക്കാരിൽ നിന്നും മോചിപ്പിക്കുന്നതിനുമാണ് സഹകരണ പ്രസ്ഥാനത്തിന്റെ പാത തിരഞ്ഞെടുത്തത്. ആത്മവിദ്യാ സംഘത്തിൽ അംഗത്വം ഏറ്റെടുത്തതിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വിദ്യാലയം സ്ഥാപിച്ചതുമൊക്കെ പാഠഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളുടെ പട്ടിക നിരത്തുമ്പോൾ എന്നും വിസ്മൃതിയിലാകുന്ന നാമമാണ് വാഗ്ഭടാനന്ദന്റേത് എന്നിരിക്കെ ഇത് കേരള ആത്മവിദ്യാ സംഘം പ്രവർത്തകർക്ക് അഭിമാനത്തിന് വക നല്കിയിരിക്കുകയാണ്.