
പൊലീസ് വീഴ്ച അഡീഷണൽ എസ്. പി അന്വേഷിക്കും
കാസർകോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ നാല് ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാൽ വീഡിയോ പോസ്റ്റിട്ട ശേഷം ഡ്രൈവർ അബ്ദുൽ സത്താറിനെ (55) താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരട്ടി അന്വേഷണം പ്രഖ്യാപിച്ച് കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഉത്തരവിറക്കി. ആരോപണ വിധേയനായ കാസർകോട് ടൗൺ എസ്.ഐ അനൂപിനെ ചന്തേരയിലേക്ക് സ്ഥലംമാറ്റി തിങ്കളാഴ്ച തന്നെ ഉത്തരവിറക്കിയിരുന്നു.
പിടികൂടിയ ഓട്ടോറിക്ഷ വിട്ടുനൽകാതെ പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചതിനെ തുടർന്ന് അബ്ദുൾസത്താർ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.ഉത്തംദാസിന്റെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കാസർകോട് അഡീഷണൽ എസ്.പി എ.ബാലകൃഷ്ണൻ നായർ അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കേണ്ടതുണ്ടെന്ന് എ.സി.പി പറഞ്ഞു.
അതെ സമയംഒറിജിനൽ രേഖകൾ ഹാജരാക്കാത്തതിനാലാണ് ഓട്ടോ വിട്ടുകൊടുക്കാതിരുന്നതെന്നാണ് എസ്.ഐ അനൂപ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ വിശദീകരണം . ഓട്ടോറിക്ഷയുടെ ആർ സി ഓണർ ദുബായിലാണെന്ന് പറയുന്നു. സുഹൃത്തായ ഇയാൾ വാഹനം എടുത്തുനൽകിയപ്പോൾ ഒറിജിനൽ രേഖകൾ അബ്ദുൽ സത്താറിന് നൽകിയിരുന്നില്ല. ഒറിജിനൽ രേഖകൾ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും.
അബ്ദുൽ സത്താറിന്റെ ഓട്ടോറിക്ഷ ഇപ്പോഴും പോലീസ് സ്റ്റേഷനിൽ കിടക്കുകയാണ്. ആർ.സി ഉടമ വരാതെ ഇനി മറ്റൊരാൾക്ക് വാഹനം വിട്ടുകൊടുക്കാനാകില്ല. അബ്ദുൽ സത്താറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കുന്നതിനായി ഇന്നലെ മംഗളൂരുവിലേക്ക് കൊണ്ടുപോയി.
എസ്.ഐ ജനരോഷം വിളിച്ചുവരുത്തിയെന്ന് വിലയിരുത്തൽ
വെറും 250 രൂപ പിഴ ഈടാക്കി വിട്ടുകൊടുക്കേണ്ടുന്ന ഓട്ടോ പിടിച്ചുവച്ച് ഡ്രൈവർമാരെയും നാട്ടുകാരെയും പൊലീസിനെതിരെ തിരിച്ചതിന് എസ്.ഐ പെരുമാറ്റം കാരണമായിട്ടുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അബ്ദുൾ സത്താറിന്റെ പരാതി പരിഗണിച്ച കാസർകോട് ഡിവൈ.എസ്.പി സി കെ.സുനിൽകുമാർ നിർദ്ദേശിച്ചിട്ടും പിഴ വാങ്ങി ഓട്ടോ വിട്ടുകൊടുക്കാത്തതും എസ്.ഐയുടെ വീഴ്ചയായി ഉന്നതോദ്യോഗസ്ഥർ വിലയിരുത്തുന്നു. പരാതി ബോധിപ്പിക്കാൻ എത്തിയ അബ്ദുൽ സത്താറിന് മീറ്റിംഗിൽ ആയതിനാൽ ജില്ലാ പൊലീസ് ചീഫിനെ കാണാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഡിവൈ.എസ്.പിയെ കണ്ട് പരാതി ബോധിപ്പിച്ചത്. മരണത്തിന് തൊട്ടുമുമ്പ് അബ്ദുൽ സത്താർ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പോലീസ് തന്നെ വലിയ തോതിൽ ടോർച്ചർ ചെയ്തുവെന്ന് ആരോപിക്കുന്നുണ്ട്.