തളിപ്പറമ്പ്: ചന്ദനക്കടത്തിന് മേൽനോട്ടം വഹിക്കുന്ന പ്രധാനി അടക്കം ഏഴുപേരെ ചന്ദന മുട്ടികളും ചീളുകളും സഹിതം വനംവകുപ്പ് പിടികൂടി. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അരവൻചാൽ കൂവപൊയിൽ സ്വദേശികളായ താഴത്തെപുരയിൽ സവീൻ വിശ്വനാഥൻ (25), അരവൻചാൽ ഇട്ടപുറത്ത് ഹൗസിൽ ചന്ദ്രൻ (62), പാണപുഴ വയൽവീട്ടിൽ ബാലകൃഷ്ണൻ (48) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്. ചന്ദനക്കടത്ത് ഇടനിലക്കാരനായ ഓലയമ്പാടി പെരുവാമ്പയിലെ പി.വി.നസീർ (43), പെരുന്തട്ട യിലെ വത്സൻ രാമ്പേത്ത് (43), എം.ചിത്രൻ (42), കൂവപ്രത്ത് ശ്രീജിത്ത് (37) എന്നിവരെ ചൊവ്വ ഉച്ചയോടെയും പിടികൂടിയിരുന്നു. ഇവരിൽ നിന്ന് 18 കിലോഗ്രാം ചീളുകളും 2.600 കിലോഗ്രാം ചന്ദനമുട്ടികളും പിടികൂടി. അരവൻചാലിലെ പി.ജിഷ്ണു (25) ഫോറസ്റ്റുകാരുടെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ജൂൺ നാലിന് മലയാളികൾ ഉൾപ്പെടെ ആറുപേരെ കണ്ടെയ്നറിൽ കടത്തുകയായിരുന്ന 1650 കിലോഗ്രാം ചന്ദനവുമായി സേലത്ത് വച്ച് വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിൽ പ്രതികളായ മലപ്പുറം സ്വദേശികളായ ഐ.ടി.മുഹമ്മദ് അബ്രാൽ, എ.പി.മുഹമ്മദ് മിഷാൽ എന്നിവരെ ചോദ്യംചെയ്തതോടെയാണ് തളിപ്പറമ്പിലെ ഇടനിലക്കാരനെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നും മുറിക്കുന്ന മുഴുവൻ ചന്ദനവും പെരുവാമ്പയിലെ പി.വി.നസീർ മുഖേനയാണ് വിൽപ്പന നടത്തുന്നുതെന്ന വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സസീറിനെ റേഞ്ച് ഓഫീസർ രതീശന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
വനംവകുപ്പ് എസ്.എഫ്.ഒമാരായ സി.പ്രദീപൻ, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിജേഷ്, വി.നികേഷ്, മുഹമ്മ ദ്ഷാഫി, പി.പി.രാജീവൻ, എം.കെ.ജിതേഷ്, മിന്നുടോമി, മനോജ് വർഗീസ്, ഡ്രൈവർ പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഫോൺ ചെയ്തു വീണു
നസീർ വനംവകുപ്പിന്റെ പിടിയിലായത് അറിയാതെ ചന്ദനകടത്തുകാർ ഇയാളെ നിരന്തരം ഫോൺ ചെയ്യാൻ തുടങ്ങി. ഈ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ആറ് പ്രതികളും പിടിയിലാവുന്നത്. രാത്രി യോടെ അഞ്ച് കിലോ ചന്ദനം വിൽക്കാനുണ്ടെന്ന് പറഞ്ഞ ഒരാൾ കൂടി നസീറിനെ വിളിച്ചു. ഇയാളെ ചന്ദനവുമായി പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. നസീർ മുഖേന ജില്ലയിൽ നിന്നും രണ്ട് വർഷത്തിനിടെ ഒരു കിന്റൽ ചന്ദനം മുറിച്ച് വിറ്റതായി വിവരമു ണ്ട്. വയനാട്, ഇടുക്കി, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ നസീറിന്റെ പേരിൽ നിലവിൽ കേസുകൾ നടക്കുന്നുണ്ട്.
തൈലമാക്കി വില്പന
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിന്ന് മുറിച്ചെടുക്കുന്ന ചന്ദനം ഉണക്കി ചെറിയ കഷ്ണങ്ങളാക്കി ഇടനിലക്കാർ നസീറിന് എത്തിച്ച് കൊടുക്കാറാണ് പതിവ്. നസീർ ഇത് മുഹമ്മദ് അബ്രാലിനും, മുഹമ്മദ് മിഷാലിനും നൽകും. ഇവർക്ക് സേലത്ത് ചന്ദന ഫാക്ടറിയുണ്ട്. ഇവിടെ വച്ച് ചന്ദനം വാറ്റി തൈലമാക്കി വിറ്റ് കോടികൾ സമ്പാദിക്കുന്നതാണ് പതിവ്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ ചന്ദനം കണ്ടെത്തി വിൽപ്പനക്ക് എന്ന വ്യാജേന എത്തി വില പറഞ്ഞ് പോകുന്ന ഇവർ പിന്നീട് രാത്രിയിൽ മുറിച്ചുകൊണ്ടുപോകുന്ന രീതിയാണ്.