പാപ്പിനിശ്ശേരി: അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലം നിർമ്മാണത്തിന്റെ പരിഷ്‌ക്കരിച്ച ഡി.പി.ആർ ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കെ.വി സുമേഷ് എം.എൽ.എ നൽകിയ സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാലം നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി നൽകിയിരുന്നതായി മന്ത്രി പറഞ്ഞു. പാലത്തിന് 34.8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് നൽകിയിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ അലൈൻമെന്റിൽ കിഫ്ബിയും എം.എൽ.എയും ചില മാറ്റങ്ങൾ നിർദേശിച്ചതനുസരിച്ച് അപ്രോച്ച് റോഡിന് 16.11 കോടി രൂപയുടെ പുതുക്കിയ ഡി.പി.ആർ സമർപ്പിച്ചു. കല്ലൂരിക്കടവ് പാലം, അപ്രോച്ച് റോഡ് എന്നിവ നേരത്തെ പാസായതാണെങ്കിലും നടപടികളൊന്നും നടന്നിരുന്നില്ല. കെ.വി സുമേഷ് എം.എൽ.എ നടത്തിയ ഇടപെടലുകളാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെപ്പിച്ചത്.