പിലിക്കോട്: ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ പദ്ധതിയുമായി പിലിക്കോട് ഗ്രാമ പഞ്ചായത്ത്. ഹോട്ടലുകളിലൂടെയും മറ്റ് ഭക്ഷണനിർമ്മാണ വിതരണ കേന്ദ്രങ്ങളിലൂടെയും സുരക്ഷിത ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പാക്കാനാണ് പിലിക്കോട് ഗ്രാമപഞ്ചായത്തും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും 'ആവൃത്തി" എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.

ആവർത്തിച്ചുള്ള പരിശോധനയിലൂടെ ആഹാരവൃത്തി എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവർത്തനത്തിലൂടെ പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ മാസത്തിൽ രണ്ടുതവണ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ശുചിത്വ പരിശോധന ഉറപ്പാക്കും. എല്ലാ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന സൂചകങ്ങൾ ഉൾപ്പെടുന്ന ഒരു രജിസ്റ്റർ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. പ്രസ്തുത സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യപ്രവർത്തകർ പരിശോധന നടത്തുക.

പരിശോധനയിൽ പാലിക്കപ്പെടാതെ പോവുന്ന ശുചിത്വ ഘടകങ്ങൾ നടപ്പിലാക്കുന്നതിന് ആദ്യ സന്ദർശനത്തിൽ നിർദ്ദേശം നൽകുകയും, അടുത്ത സന്ദർശന സമയത്തും നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ തുടർ നടപടികൾ കൈകൊള്ളും. എല്ലാ മാസവും അവസാനം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതിയും ആരോഗ്യപ്രവർത്തകരും ഒരുമിച്ച് യോഗം ചേർന്ന് ആ മാസത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.

വർഷാവസാനം ഏറ്റവും മികച്ച ശുചിത്വ നിലവാരം പുലർത്തുന്ന ഹോട്ടൽ, ബേക്കറി, കൂൾബാർ എന്നിവയ്ക്ക് ശുചിത്വ പുരസ്കാരം നൽകും. ഹോട്ടൽ തൊഴിലാളികൾക്ക് വർഷത്തിൽ രണ്ട് തവണ ശുചിത്വ പരിപാലനം സംബന്ധിച്ച് ശാസ്ത്രീയ പരിശീലനവും പദ്ധതിയിലൂടെ ഉറപ്പാക്കും.

സംസ്ഥാനത്ത് ഇതാദ്യം

ഭക്ഷണം നിർമ്മാണ വിതരണ കേന്ദ്രങ്ങളിൽ ശുചിത്വ പൂർണ്ണമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നൂതനവും ശക്തമായ ഇടപെടൽ ആണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാലിക്കടവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സി.വി.ചന്ദ്രമതി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.രേഷ്ണ, നവീൻബാബു, പി. പ്രമീള, കെ.അജിത, എൻ.പ്രസിതാകുമാരി, പി.വി.ചന്ദ്രൻ, വി.പ്രദീപ്, പബ്ലിക്ക് ഹെൽത്ത് നഴ്സ് കെ.വിനോദിനി സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി.മഹേഷ് കുമാർ സ്വാഗതവും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.വി.സുലോചന നന്ദിയും പറഞ്ഞു.