മട്ടന്നൂർ: മാദ്ധ്യമപ്രവർത്തകന് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് മട്ടന്നൂർ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയതിൽ പൊലീസുകാർക്കിടയിൽ അതൃപ്തിയും പ്രതിഷേധവും. മട്ടന്നൂരിൽ നിന്ന് സ്ഥലംമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് അപേക്ഷ നൽകി. മട്ടന്നൂരിൽ ജോലി ചെയ്യാൻ കടുത്ത മാനസിക സമ്മർദ്ദവും ഭീഷണിയും നേരിടുന്നുവെന്ന് ഇതിൽ പറയുന്നു.

മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിട്ടുള്ളതെന്നാണ് വിവരം. മട്ടന്നൂർ ഗവ.പോളി ടെക്‌നിക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിക്ക് പൊലീസിന്റെ മർദ്ദനമേറ്റിരുന്നു. തുടർന്ന് ശരത്ത് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് മട്ടന്നൂരിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റിയിലേക്ക് സ്ഥലംമാറ്റിയത്.

എന്നാൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തവരെ മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരിക മാത്രമാണുണ്ടായതെന്ന് കത്തിൽ പറയുന്നു. ഇക്കാര്യം ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി. കൂടാതെ നവമാദ്ധ്യമങ്ങൾ വഴി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായും കത്തിൽ പറയുന്നു. എന്നാൽ സ്ഥലംമാറ്റത്തിന് അപേക്ഷ ലഭിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.