
സംസ്ഥാനത്ത് ദേശീയപാതയോരത്ത് രണ്ടു മെഡിക്കൽ കോളേജുകളാണുള്ളത്. ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജും. മലബാറിൽ ദേശീയപാതയോരത്തുള്ള ഏക മെഡിക്കൽ കോളേജാണ് പരിയാരത്തേത്. ഇതുമൂലം ഏറ്റവും കൂടുതൽ വാഹനാപകട കേസുകൾ എത്തുന്നത് പരിയാരത്താണ്. ഇതിൽ ഭൂരിഭാഗവും തലക്ക്പരിക്കുകളുമായി എത്തുന്ന കേസുകളും.
അത്യാധുനിക സൗകര്യത്തോടെയുള്ള ആക്സിഡന്റ് ട്രോമാകെയർ യൂണിറ്റ് ആരംഭിക്കാൻ 2020ൽ 55 കോടി ബഡ്ജറ്റിൽ അനുവദിച്ചതാണ്. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് ആഘോഷമായാണ് നടന്നത്. പക്ഷെ, ഇതേവരെ ട്രോമാകെയർ യൂണിറ്റിന്റെ പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ലെന്നാണ് പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം പറയുന്നത്. നിത്യേന ശരാശരി പതിനഞ്ച് വാഹനാപകടകേസുകളെങ്കിലും പരിയാരത്ത് എത്തുന്നുണ്ട്. ഇവയെല്ലാം വിദഗ്ദ്ധചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലേക്കും മംഗളൂരുവിലേക്കുമായി റഫർ ചെയ്യപ്പെടുകയാണ്. ട്രോമാകെയർ യൂണിറ്റ് അടിയന്തിരമായി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
വികേന്ദ്രീകൃത ആശുപത്രിയാകണമെന്ന് വിദഗ്ധർ
വിട്ടുനൽകിയ 119 ഏക്കറിൽ വലിയൊരു ഭാഗം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. സ്ഥാപിക്കപ്പെട്ടതിന് ശേഷം കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും കാര്യമായ ഒരു വികസനവും ഇവിടെ നടന്നിട്ടില്ല. 71വർഷം മുമ്പ് ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ ടി.ബി.സാനിട്ടോറിയം കെട്ടിടങ്ങൾ കാര്യമായ കേടുപാടുകളൊന്നുമില്ലാതെ ഇവിടെയുണ്ട്. കേന്ദ്രീകൃത സംവിധാനത്തിലുള്ള കെട്ടിടസംവിധാനത്തെകാൾ ഫലപ്രദമായി ഇത്തരം കെട്ടിടങ്ങളെ ഉപയോഗിക്കാനാകുമെന്ന് കൊവിഡ് കാലം തെളിയിച്ചതാണ്. മാസ്റ്റർപ്ലാൻ തയ്യാറാക്കി വികേന്ദ്രീകൃതമായ ഒരു ആശുപത്രി സമുച്ചയം പരിയാരത്ത് വേണമെന്ന വിദഗ്ദ്ധാഭിപ്രായവും മുന്നിലുണ്ട്. കൈവശഭൂമിയുടെ പലഭാഗത്തും കൈയേറ്റം മെഡിക്കൽ കേളേജ് അധികൃതർ തന്നെ സ്ഥിരീകരിച്ചിട്ടും അതിർത്തി നിർണയിച്ച് ഒരു കമ്പിവേലി പോലും സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വിരുന്നുകാരെ പോലെ പ്രിൻസിപ്പാൾമാർ
സർക്കാർ ഏറ്റെടുത്തതിന് ശേഷം അഞ്ച് പ്രിൻസിപ്പൽമാരാണ് പരിയാരത്ത് ചുമതലയേറ്റത്. ഇവിരിൽ ഒരാളൊഴികെ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. ചാർജെടുത്താൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവർ ഇവിടെ എത്തുന്നത്. മെഡിക്കൽ കോളേജിന്റെ വികസനകാര്യങ്ങളിൽ ഇവർ ഇടപെടാറില്ല. കഴിയുന്നത്ര വേഗം സ്ഥലംമാറ്റം വാങ്ങി പോകുന്നതാണ് പതിവ്. ഏറ്റവും ഒടുവിൽ എത്തിയ വനിതാ പ്രിൻസിപ്പൽ അഞ്ചുമാസം മുമ്പ് സ്ഥലംമാറിപ്പോയി. പകരം നിയമനമില്ലാതെ ഇൻചാർജ് ഭരണത്തിലാണ് മെഡിക്കൽ കോളേജ് ഇപ്പോൾ. നാഥനില്ലാത്തതാണ് സ്ഥാപനം ഇത്രകണ്ട് പിന്നാക്കം പോകുന്നതിന് പിന്നിലെന്ന കാര്യത്തിൽ ഭരണാനുകൂലികളായ ജീവനക്കാർക്ക് പോലും അഭിപ്രായവ്യത്യാസമില്ല.
ഇരുപതാം വർഷത്തിലും പി.ജി കോഴ്സില്ലാത്ത ദന്തൽ കോളേജ്
കണ്ണൂർ ഗവ.ദന്തൽ കോളേജ് ഇരുപതാം വയസിലും ബാലാരിഷ്ടത മാറാത്ത സ്ഥിതിയിലാണ്. 2004 ൽ ആരംഭിച്ച ദന്തൽ കോളേജിൽ നവീന ഉപകരണങ്ങളൊന്നും ഇല്ല.ഉള്ളതുതന്നെ പ്രവർത്തിപ്പിക്കാനും അധികൃതർ തയ്യാറാകാറില്ല. ആശുപത്രിയിലെ ഒട്ടുമിക്ക ഡോക്ടർമാരും സർക്കാർ സർവീസിലേക്ക് ഇന്റഗ്രേഷൻ ലഭിക്കാത്തതിനാൽ സ്വകാര്യ പ്രാക്ടീസിൽ സജീവമാണ്. ഇതുമൂലം രോഗികൾക്ക് യഥാവിധി സേവനം ലഭിക്കാത്ത സ്ഥിതിയാണ്. സർക്കാർ ഏറ്റെടുത്ത് ചികിൽസ സൗജന്യ നിരക്കിലാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും ഇതാണ് സ്ഥിതി.ഇരുപതാം വർഷത്തിലും എം.ഡി.എസ് കോഴ്സ് തുടങ്ങാൻ സാധിച്ചിട്ടില്ലെന്നതാണ് അനാസ്ഥയുടെ മറ്റൊരു തെളിവ്.സ്വന്തമായി കാമ്പസ് ഇല്ലാത്തതാണ് ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോഴ്സ് അനുവദിക്കാത്തതിന് കാരണമായി പറയുന്നത്. ഇഷ്ടം പോലെ സ്ഥലമുണ്ടായിട്ടാണ് ഈ ഗതികേട്. വടക്കേ മലബാറിലെ ഏക സർക്കാർ ദന്തൽ കോളേജെന്ന നിലയിൽ വളരേണ്ട സ്ഥാപനത്തെയാണ് ഇങ്ങനെ കൊല്ലാതെ കൊല്ലുന്നത്. നിരവധി സൗകര്യങ്ങളുണ്ടായിട്ടും ഉപയോഗപ്പെടുത്താതാണ് കണ്ണൂർ മെഡി.കോളേജിന്റെ ശാപം
അതേക്കുറിച്ച് നാളെ