
പയ്യന്നൂർ : 'ഞാൻ വിത്തിട്ട് പോകുന്നു, വിത്തുകൾ തുടർന്നും വിതക്കേണ്ടത് എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ കടമയാണ്. ആരും രക്ഷകനെ കാത്തിരിക്കേണ്ട. നിങ്ങൾ തന്നെയാണ് രക്ഷകൻ ' - അന്ത്യമൊഴി പോലെ പ്രൊഫ.ജോൺ സി ജേക്കബ്ബ്
എന്ന ജോൺസി മാഷ് തന്റെ മാസികയായ' പ്രസാദത്തിന്റെ അവസാന ലക്കത്തിൽ കുറിച്ച ഈ വരികളിലുണ്ട് പരിസ്ഥിതിയുടെ പ്രാധാന്യവും സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റതിന്റെ ആവശ്യകതയും. മലയാളിയെ പരിസ്ഥിതിസ്നേഹത്തിന്റെ ഹരിശ്രീ പഠിപ്പിച്ച പയ്യന്നൂർ കോളേജ് അദ്ധ്യാപകനായ പ്രൊഫ.ജോൺ സി ജേക്കബ്ബ് പ്രകൃതിയിലേക്ക് മടങ്ങിയിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം തികയുന്നു.
സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സംഘടന പയ്യന്നൂർ കോളേജിൽ അദ്ദേഹം രൂപീകരിച്ച സുവോളജിക്കൽ ക്ളബ്ബും ആദ്യ പരിസ്ഥിതി മാസിക അവർ പുറത്തിറക്കിയ മൈനയുമാണെന്നതിൽ തന്നെയുണ്ട് പ്രകൃതിയെ അദ്ദേഹം എത്ര കരുതലോടെയാണ് സമീപിച്ചതെന്ന്.
പിന്നീടിത് സീക്ക് സംഘടനയിലേക്കും സൂചിമുഖി എന്ന മാസികയിലും എത്തി. ആൻഖ്, പ്രസാദം തുടങ്ങിയ പരിസ്ഥിതി മാസികകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ജോൺ സി ജേക്കബ്ബിന്റെ നേതൃത്വത്തിൽ 1978ൽ പയ്യന്നൂർ കോളേജ് വിദ്യാർത്ഥികളാണ് സൈലന്റ് വാലി പദ്ധതിക്കെതിരെ ആദ്യമായി പരസ്യപ്രതിഷേധം നടത്തിയത്. തുടർന്ന് പെരിങ്ങോം ആണവനിലയത്തിനെതിരെ ഐതിഹാസിക സമരത്തിലും ജോൺസി മുന്നിൽ നിന്നു. നാച്വർ ക്ലബ്ബും പരിസ്ഥിതിക്യാമ്പും സംഘടിപ്പിച്ച് കുട്ടികളിൽ ചെറിയ പ്രായത്തിൽ തന്നെ ഹരിത ബോധം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് പരിസ്ഥിതി രംഗത്ത് സജീവമായിട്ടുള്ള പലരും ജോൺസിയുടെ ശിഷ്യൻമാരായിരുന്നു
'മനുഷ്യനായി എന്ത് അവകാശം"
.പ്രകൃതി ഈശ്വര ചൈതന്യമാണ് എന്ന് ഉറച്ചു വിശ്വസിച്ച ജോൺസി മനുഷ്യന് പ്രത്യേക അവകാശം ഒന്നുമില്ലെന്നായിരുന്നു എന്നും പറഞ്ഞിരുന്നത്. ഒരു ആനയ്ക്കുള്ള അവകാശം ഒരു ഉറുമ്പിനും ഉണ്ട്.നിയമലംഘനം സർവ്വനാശത്തിൽ എത്തിക്കും.' കഴിഞ്ഞ അര നൂറ്റാണ്ടോളം വരുന്ന എന്റെ ജീവിതത്തിൽ താൻ പഠിച്ചത് ഈ ഒരു സത്യം മാത്രമാണെന്നും മാഷ് പറഞ്ഞു.
അവർ ഒത്തുചേരും എടനാട് സ്കൂളിലെ മാഞ്ചോട്ടിൽ
ജോൺസി മാഷിന്റെ ഒരു പിടി ഓർമ്മകളുമായി സഹപ്രവർത്തകരും വിദ്യാർത്ഥികളും, പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ഇന്ന് വൈകിട്ട് എടനാട് യു.പി.സ്കൂളിലെ മാഞ്ചോട്ടിൽ ഒത്തുചേരും. അദ്ദേഹം ആദ്യമായി കുട്ടികൾക്കുള്ള ക്യാമ്പ് നടത്തിയതിന്റെ ഓർമ്മ കൂടി മാഞ്ചോട്ടിലെ ഔപചാരികതയില്ലാത്ത ഈ സംഗമത്തിനുണ്ട്.