
കാഞ്ഞങ്ങാട്: ഹെർണിയ ശസ്ത്രക്രിയക്കിടെ അബദ്ധത്തിൽ പത്തുവയസ്സുകാരന്റെ ഞരമ്പ് മുറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓപ്പറേഷന് നേതൃത്വം നൽകിയ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്യുക, രോഗിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ സൗജന്യമായി നൽകുക, കൈക്കൂലിക്കാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന ഡപ്യൂട്ടി ഡി.എം.ഒയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. ജില്ലാസെക്രട്ടറി എം.ശ്രീജിത്ത്, സംസ്ഥാനകമ്മിറ്റി അംഗം ധനിഷ് ബിരിക്കുളം, പ്രഭിജിത്ത് , ജിനുശങ്കർ, പ്രകാശൻ പള്ളിക്കാപ്പിൽ, ശ്രീനാഥ് മാക്കി, രാഹുൽ വെളളിക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.