oparation

കാസർകോട്: ഹെർണിയക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയുടെ കാലിന്റെ ഞരമ്പ് മുറിച്ചതായ ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ . സംഭവത്തിൽ അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്‌ കാസർകോട് ഡി.എം.ഒയോട് ആവശ്യപ്പെട്ടു. കാസർകോട് നടക്കുന്ന കമ്മിഷന്റെ അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

പുല്ലൂർ പെരളത്തെ അശോകൻ - കാർത്ത്യായനി ദമ്പതികളുടെ മകൻ അദിനാഥിന്റെ (10) കാലിലെ രക്ത ധമനിയാണ് ഡോക്ടർ മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ 4500 രൂപ കൈക്കൂലി വാങ്ങിച്ചതായും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

ഇതിനിടെ ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എ.ഐ.വൈ.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ചെരുപ്പുമാലയുമായാണ് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ചിന് എത്തിയത്. സമരക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സംഭവം അന്വേഷിക്കുന്ന സംഘത്തിൽ നേരത്തെ നടപടി നേരിട്ട ഡോക്ടറുണ്ടെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ ആരോപിച്ചു.

കുട്ടിയെ സന്ദർശിച്ച് ആരോഗ്യവകുപ്പ് സംഘം

ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് ചികിത്സ പിഴവ് പറ്റിയ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുമായി ഡെപ്യുട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ആശുപത്രിയിൽ വച്ച് ചർച്ച നടത്തി. തുടർന്ന് ഇതെ സംഘം പുല്ലൂർ പെരളത്തെ വീട്ടിലെത്തി കുട്ടിയെ സന്ദർശിച്ചു. ഡെപ്യുട്ടി ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നാണ് വിവരം.