kadu-road

പരിഹാരം തേടി പരിയാരം പരമ്പര ഭാഗം അഞ്ച്


അതിസുരക്ഷ ആവശ്യമായ മെഡിക്കൽ കോളേജിൽ ആവർത്തിച്ച് പാമ്പുകളും ഇഴജന്തുക്കളും കയറിയെത്തുന്ന വാർത്തകളാണ് അനുദിനം കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്ന് പുറത്തുവരുന്നത്. എട്ടാംനിലയിലെ വാർഡുകളിലേക്കും അഞ്ചാംനിലയിലെ നവജാതശിശുക്കളുടെ ഐ.സി.യുവിലേക്കും വരെ വിഷപ്പാമ്പുകൾ ഇഴഞ്ഞെത്തി. മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലുകളിൽ മുർഖൻപാമ്പുകൾ കയറുന്നതിൽ ഒരു പുതുമയും ഇപ്പോൾ വിദ്യാർത്ഥികൾക്കില്ല.അത്രയ്ക്ക് ഗുരുതരമായ സുരക്ഷാഭീഷണിയാണ് മെഡിക്കൽ കോളേജ് നേരിടുന്നത്.

ആധുനിക സൗകര്യത്തോടെ മെഡിക്കൽ കോളേജിന് കൂറ്റൻ കെട്ടിടം നിർമ്മിച്ചിട്ടും പാമ്പ് ശല്യത്തിന് പക്ഷെ, കുറവൊന്നുമില്ല. അകത്തും പുറത്തും ഒരുപോലെ മാലിന്യാവശിഷ്ടങ്ങൾ തള്ളുന്നതിൽ ഉത്തരവാദപ്പെട്ടവർക്ക് ഒരു സങ്കോചവുമില്ല. പ്രധാന കെട്ടിടത്തിന്റെ ചുമരുകളിലേക്ക് പടർന്നുകയറിയ കാട്ടുവള്ളികൾ വഴിയാണ് പാമ്പുകൾ അകത്തെത്തുന്നത്.

2015 മുതൽ തന്നെ പാമ്പുകൾ വാർഡുകളിലെത്തുന്നത് വാർത്തയായിരുന്നുവെങ്കിലും ഇതിനൊന്നും പരിഹാരം കാണാൻ ശ്രമങ്ങളൊന്നുമില്ല. കാടുമൂടിയ ക്വാർട്ടേഴ്സുകളും ഹോസ്റ്റലുകളുമാണ് മെഡിക്കൽ കോളേജിലെത്തുന്നവർക്ക് കാണാനാവുക. നവീകരണം എന്ന പേരിൽ മുൻഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകുകയും റോഡ് ടാർ ചെയ്യുകയും കെട്ടിടം പെയിന്റടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പൊളിച്ചുമാറ്റിയ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മെഡിക്കൽ കോളേജിനകത്ത് പല ഭാഗത്തും കൂട്ടിയിട്ടിരിക്കയാണ്. പൊട്ടിയ ഗ്ലാസുകളും തുരുമ്പിച്ച ആണികളും വരെ ഇക്കൂട്ടത്തിലുണ്ട്.

ജീവൻ പണയപ്പെടുത്തി ജീവനക്കാർ
71 വർഷം പഴക്കമുള്ള ക്വാർട്ടേഴ്സുകളിൽ പോലും ഇപ്പോൾ ജീവനക്കാർ കുടുംബത്തോടെ താമസിക്കുന്നുണ്ട്. ഇവരെല്ലാം തന്നെ പന്നികളുടെയും പാമ്പുകളുടെയും ഭീഷണി നേരിടുന്നു. സൂപ്രണ്ട് ക്വാർട്ടേഴ്സ് ആദ്യഘട്ടത്തിൽ കാന്റീനും പിന്നീട് പരിയാരം പൊലീസ് സ്‌റ്റേഷനുമായി. ഇപ്പോൾ ആരോഗ്യവകുപ്പ് പ്രതിദിനം 25,000 രൂപ നിരക്കിൽ സിനിമാഷൂട്ടിംഗിന് നൽകുകയാണ്. ഓണം റിലീസായി എത്തിയ എ.ആർ.എമ്മിലെ ചീയോതിക്കാവ് പൊലീസ് സ്‌റ്റേഷനായത് ഈ കെട്ടിടമാണ്. സാനിട്ടോറിയത്തിന്റെ 350 ഏക്കറിൽ 119 ഏക്കർ മെഡിക്കൽ കോളേജിനും 85 ഏക്കർ ഔഷധിക്കും 38 ഏക്കർ ഗവ.ആയുർവേദ കോളേജിനും നൽകിയിരുന്നു. ബാക്കിയുള്ള സ്ഥലത്തിൽ നിന്നും പൊലീസ് സ്‌റ്റേഷനും കെ.എസ്.ഇ.ബിക്കും നൽകി. ദേശീയപാതക്ക് കൈമാറിയതും ഒഴിവാക്കിയാൽ 40 ഏക്കറോളം ഭൂമി ഇപ്പോഴും ബാക്കിയുണ്ട്. ഔഷധി ചെയ്തതുപോലെ ഈ സ്ഥലം മുഴുവൻ കമ്പിവേലി കെട്ടി സംരക്ഷിക്കുകയും കുറ്റിക്കാടുകൾ പൂർണമായി വെട്ടിമാറ്റുകയും ചെയ്താൽ തന്നെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാവും. പഴയ ജീർണിച്ച ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റി ഫ്ളാറ്റ് മോഡലിൽ കൂടുതൽ ക്വാർട്ടേഴ്സുകൾ പണിയണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ഇടമുണ്ട് ഹോമിയോ മെഡിക്കൽ കോളേജിനും
നിലവിൽ ആയുർവേദ കോളേജും അലോപ്പതി മെഡിക്കൽ കോളേജുകളും ഉള്ള പരിയാരത്ത് സ്ഥലലഭ്യത പരിഗണിച്ച് വടക്കേമലബാറിലെ ആദ്യത്തെ ഗവ.ഹോമിയോ മെഡിക്കൽ കോളേജ് കൂടി സ്ഥാപിച്ചാൽ പരിയാരത്തെ മൂന്ന് പ്രധാന ചികിത്സാ കേന്ദ്രങ്ങളും സംഗമിക്കുന്ന ഒരു ഹെൽത്ത് ഹബ്ബാക്കി മാറ്റാൻ സാധിക്കും. സമന്വയ ചികിൽസക്കുള്ള പ്രാധാന്യം വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത് അതിനുള്ള ശ്രമങ്ങൾ സർക്കാറിന്റെയും പൊതുപ്രവർത്തകരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ഗവ.മെഡിക്കൽ കോളേജിലെ ഒരു മുതിർന്ന ഡോക്ടർ കേരളകൗമുദിയോട് പറഞ്ഞു.


സർക്കാർ ഏറ്റെടുത്തതുമുതൽ മെഡിക്കൽ കോളേജ് ജീവനക്കാർ തങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് അതേക്കുറിച്ച് നാളെ.