cpm

കാസർകോട്‌: എസ്‌.ഐ പിടിച്ചുവച്ച ഓട്ടോറിക്ഷ നാലുദിവസം പിന്നിട്ടിട്ടും വിട്ടുനൽകാത്തതിൽ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌ത ഡ്രൈവർ കുദ്രോളി അബ്ദുൾസത്താറിന്റെ വീട്‌ സി പി.എം, സി ഐ.ടി.യു നേതാക്കൾ സന്ദർശിച്ചു. അബ്ദുൾസത്താർ താമസിക്കുന്ന മംഗളൂരുവിലെ വാടക അപ്പാർട്ട്‌മെന്റിലെത്തിയ നേതാക്കൾ കുടുംബത്തെ ആശ്വസിപ്പിച്ചു. മകൻ അബ്ദുൾ ഷാനിസിനെ കണ്ട്‌ കേസുമായി മുന്നോട്ടുപോകാനുള്ള എല്ലാ സഹായവും വാഗ്‌ദാനംചെയ്‌തു. എസ്‌.ഐക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും സർവീസിൽനിന്ന്‌ പിരിച്ചുവിടണമെന്നുമാണ്‌ മകന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യം. എസ്‌ഐക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ നേതാക്കൾ ഉറപ്പുനൽകിയതിന്‌ പിന്നാലെയാണ്‌ സസ്‌പെൻഷൻ ഉത്തരവിറങ്ങിയത്‌. സി പി.എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എം.സുമതി, ഏരിയാ സെക്രട്ടറി കെ.എ.മുഹമ്മദ്‌ ഹനീഫ, സി ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ, ഓട്ടോത്തൊഴിലാളി യൂണിയൻ നേതാക്കളായ എ.ആർ.ധന്യവാദ്‌, ഷാഫി ചാലക്കുന്ന്‌ എന്നിവരാണ്‌ വീട്‌ സന്ദർശിച്ചത്‌.